ന്യൂസീലന്‍ഡ് ഭീകരാക്രമണത്തെ അനുകൂലിച്ച് പോസ്റ്റ്; പ്രവാസിയെ നാടുകടത്തി യുഎഇ

By Web TeamFirst Published Mar 20, 2019, 2:43 PM IST
Highlights

ആക്രമണം നടന്നതിന് പിന്നാലെയാണ് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗാര്‍ഡ് എന്ന കമ്പനിയിലെ ജീവനക്കാരന്‍ ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കമ്പനി അധികൃതര്‍ ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങി. 

ദുബായ്: ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യുഎഇ ഭരണകൂടം നാടുകടത്തി. ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്ന ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടശേഷം കമ്പനി അധികൃതര്‍ നിയമനടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നടപടിക്ക് വിധേയനായ ജീവനക്കാരന്റെ പേരോ ഇയാള്‍ കമ്പനിയില്‍ വഹിച്ചിരുന്ന പദവിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിന്റെ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

വെള്ളിയാഴ്ച നമസ്കാരത്തിനിടെ ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ വെടിവെപ്പില്‍ 50 വിശ്വാസികളാണ് മരിച്ചത്. സംഭവത്തില്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അനുശോചനം അറിയിക്കുകയും സമാധാനപരമായി ആരാധന നടത്തുകയായിരുന്ന വിശ്വാസികള്‍ക്ക് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്നതിന് പിന്നാലെയാണ് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗാര്‍ഡ് എന്ന കമ്പനിയിലെ ജീവനക്കാരന്‍ ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കമ്പനി അധികൃതര്‍ ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ ജീവനക്കാരന്‍ മറ്റൊരു പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ഇട്ടെന്ന് കമ്പനി കണ്ടെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കമ്പനി അധികൃതര്‍ ഉടന്‍ തന്നെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നിയമപ്രകാരമുള്ള മറ്റ് നടപടികള്‍ക്കായി ഇയാളെ അധികൃതര്‍ക്ക് കൈമാറിയെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ ഗ്രെഡ് വാര്‍ഡ് അറിയിച്ചു. തുടര്‍ന്ന് ഇയാളെ നാടുകടത്താന്‍ അധികൃതര്‍ ഉത്തരവിടുകായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷയാണ് യുഎഇ സൈബര്‍ നിയമപ്രകാരം ലഭിക്കുന്നത്. സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നവർക്ക് ജയിൽ ശിക്ഷയും 50,000 മുതൽ 30 ലക്ഷം വരെ ദിർഹം പിഴയും ലഭിക്കാവുന്ന തരത്തിലാണ് യുഎഇ നിയമം. അടുത്തിടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയ ദുരുപയോഗത്തിന്റെ പേരില്‍ യുഎഇയില്‍ നടപടി നേരിട്ടിരുന്നു.

click me!