യുഎഇയില്‍ ശൈത്യകാലം നാളത്തോടെ അവസാനിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

By Web TeamFirst Published Mar 20, 2019, 12:46 PM IST
Highlights

വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് മൂടിയും പൊടിക്കാറ്റടിച്ചും ദൂരക്കാഴ്ച കുറയാനുള്ള സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പൊതുവേ പ്രക്ഷുബ്ധമായിരിക്കും. 27-ാം തീയ്യതി വരെ മഴയുണ്ടാകുമെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമായിരിക്കും. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും രാത്രിയുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. 

അബുദാബി: മാര്‍ച്ച് 21ഓടെ യുഎഇയില്‍ ശൈത്യകാലം അവസാനിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ദര്‍ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 27 വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തെ ഇപ്പോഴുള്ള ശരാശരി താപനില 26 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ വരും ദിവസങ്ങളില്‍ അത് 35ലേക്ക് ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദര്‍ പ്രവചിക്കുന്നു.

വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് മൂടിയും പൊടിക്കാറ്റടിച്ചും ദൂരക്കാഴ്ച കുറയാനുള്ള സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പൊതുവേ പ്രക്ഷുബ്ധമായിരിക്കും. 27-ാം തീയ്യതി വരെ മഴയുണ്ടാകുമെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമായിരിക്കും. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും രാത്രിയുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. തണുപ്പ് കാലം അവസാനിക്കുമ്പോളുള്ള സ്വാഭാവിക പ്രതിഭാസമാണിതെന്നും കാലാവസ്ഥ മാറുന്ന സമയത്ത് യുഎഇയില്‍ സാധാരണ ലഭിക്കാറുള്ള മഴയാണിതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ദന്‍ ഡോ. അഹ്‍മദ് ഹബീബ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ രാജ്യത്ത് പലയിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഫുജൈറയിലെ ദാദ്നയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. മാര്‍ച്ച് 17ന് ഒറ്റദിവസം മാത്രം 51.9 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

click me!