യുഎഇയിലെ ഇന്‍ഷുറന്‍സ് നിബന്ധന പ്രാബല്യത്തില്‍ വന്നു; പ്രവാസികള്‍ക്കും ബാധകം, പാലിക്കാത്തവര്‍ക്ക് പിഴ ലഭിക്കും

Published : Jan 02, 2023, 07:33 PM IST
യുഎഇയിലെ ഇന്‍ഷുറന്‍സ് നിബന്ധന പ്രാബല്യത്തില്‍ വന്നു; പ്രവാസികള്‍ക്കും ബാധകം, പാലിക്കാത്തവര്‍ക്ക് പിഴ ലഭിക്കും

Synopsis

പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ പ്രബാല്യത്തില്‍ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ ഇനിയും ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് പിഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കിയിരിക്കുന്നത്.  ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്.

രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇന്‍ഷുറന്‍സ് പോളിസിക്ക് മൂല്യവര്‍ദ്ധിത നികുത ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടയ്ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അധിക ബാധ്യത സ്ഥാപനങ്ങളുടെ മേല്‍ വരില്ല.

രാജ്യത്തെ ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികളുമായാണ് പദ്ധതിക്കായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ധാരണയിലെത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം വരെയായിരിക്കും കിട്ടുക. ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയോ ആയിരിക്കും ജോലി നഷ്ടമായാല്‍ ലഭിക്കുക.

ജോലി നഷ്ടമായാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പൂളിന്റെ പ്രത്യേക വെബ്‍സൈറ്റ്, സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍, കോള്‍ സെന്റര്‍ എന്നിവയിലൂടെ ക്ലെയിം അപേക്ഷ നല്‍കാം. ജോലി നഷ്ടമായ ദിവസം മുതല്‍ 30 ദിവസത്തിനകം അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷ ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും. പരമാവധി മൂന്ന് മാസം വരെയായിരിക്കും ഒരു തവണ ഇങ്ങനെ പണം ലഭിക്കുക. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയും അതിന് ശേഷം തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്യുകയും ചെയ്‍ത് കഴിഞ്ഞവര്‍ക്കേ ക്ലെയിം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്‍ പ്രവേശിച്ചാലോ അല്ലെങ്കില്‍ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള തുക ലഭിക്കില്ല. അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല.

നിക്ഷേപകര്‍, സ്വന്തം കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, 18 വയസിന് താഴെയുള്ളവര്‍, ഒരു ജോലിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റി വിരമിച്ച ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവരൊന്നും പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ല. എന്നാല്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധിതിയില്‍ ചേരാനാവും.

ഇന്‍ഷുറന്‍സ് കമ്പനികളുടെ പൂളിന്റെ വെബ്‍സൈറ്റ്, സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍, ബാങ്ക് എടിഎമ്മുകള്‍, കിയോസ്ക് മെഷീനുകള്‍, ബിസിനസ് സര്‍വീസ് സെന്ററുകള്‍, മണി എക്സ്ചേഞ്ച് കമ്പനികള്‍, ടെലികോം കമ്പനികളായ ടു, എത്തിസാലാത്ത്, എസ്.എം.എസ് എന്നിവയിലൂടെയും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിശ്ചയിക്കുന്ന മറ്റ് ചാനലുകളിലൂടെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാം.

Read also: ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് പോയ പ്രവാസി മലയാളി യുവാവ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു