ശരീരത്തിനുള്ളില്‍ 110 ഹെറോയിന്‍ ഗുളികകള്‍; 28 വയസുകാരനായ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

By Web TeamFirst Published Aug 24, 2022, 8:24 AM IST
Highlights

യുവാവിനെ പൊലീസ് ഫോര്‍ട്ട് ക്ലിനിക്കില്‍ എത്തിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോള്‍ വയറിനുള്ളില്‍ നിരവധി ഗുളികകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ആന്റി നര്‍ക്കോട്ടിക്സ് ഓഫീസര്‍മാര്‍ മൊഴി നല്‍കി. പിന്നീട് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റിയ ഇയാള്‍ അവിടെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 110 ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തു. 

മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. നൂറിലധികം ഹെറോയിന്‍ ഗുളികകള്‍ സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ 28 വയസുകാരനെതിരെ, വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈവശം വെച്ചതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കാണ് സംശയം തോന്നിയത്. വിമാനത്താവളത്തില്‍ എക്സ് റേ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളില്‍ അസ്വഭാവികമായ ചില വസ്‍തുക്കള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇയാളെ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. 

Read also: നിരോധിത കളറുകളിലുള്ള പഠനോപകരണങ്ങള്‍ പിടിച്ചെടുത്ത് ഒമാന്‍ അധികൃതര്‍

യുവാവിനെ പൊലീസ് ഫോര്‍ട്ട് ക്ലിനിക്കില്‍ എത്തിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോള്‍ വയറിനുള്ളില്‍ നിരവധി ഗുളികകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ആന്റി നര്‍ക്കോട്ടിക്സ് ഓഫീസര്‍മാര്‍ മൊഴി നല്‍കി. പിന്നീട് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റിയ ഇയാള്‍ അവിടെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 110 ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തു. 

വിശദമായ അന്വേഷണത്തില്‍ ഇയാള്‍ ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗമാണെന്ന് കണ്ടെത്തി. ശരീരത്തില്‍ നിന്ന് പുറത്തെടുത്ത ഗുളികകള്‍ പരിശോധന നടത്തിയപ്പോള്‍ ഹെറോയിനാണെന്ന് തിരിച്ചറിഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ ലഹരി ഗുളികകള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് ബഹ്റൈനില്‍ എത്തിക്കുകയും അതിന് പണം വാങ്ങുകയും ചെയ്യുകയായിരുന്നു ഇയാളുടെ പങ്കെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസിന്റെ വിചാരണ ഓഗസ്റ്റ് 30ലേക്ക് മാറ്റിവെച്ചു.

Read also:  ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി യുഎഇയിലെ ഒരു എമിറേറ്റ് കൂടി

click me!