ദുബായ് എയര്‍പോര്‍ട്ടില്‍ ലഗേജ് മോഷണം; ഐ ഫോണ്‍ ഉപയോഗിച്ച് കള്ളനെ പിടിച്ച് യാത്രക്കാരന്‍

By Web TeamFirst Published Aug 7, 2018, 12:51 PM IST
Highlights

നാട്ടിലെ വിമാനത്താവളത്തിലെത്തിയ ശേഷം ലഗേജ് കൈയ്യില്‍ കിട്ടിയപ്പോഴാണ് തന്റെ ബാഗിന്റെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്.  തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ തന്റെ ഐ ഫോണ്‍ 7 നഷ്ടമായെന്ന് തിരിച്ചറിഞ്ഞു. 

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്റെ ലഗേജ് കുത്തിത്തുറന്ന് ഫോണ്‍ മോഷ്ടിച്ച കള്ളന്‍ അതേ ഫോണില്‍ തന്നെ കുടുങ്ങി. ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഈജിപ്ഷ്യല്‍ പൗരന്റെ ലഗേജില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു.

നാട്ടിലെ വിമാനത്താവളത്തിലെത്തിയ ശേഷം ലഗേജ് കൈയ്യില്‍ കിട്ടിയപ്പോഴാണ് തന്റെ ബാഗിന്റെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്.  തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ തന്റെ ഐ ഫോണ്‍ 7 നഷ്ടമായെന്ന് തിരിച്ചറിഞ്ഞു. ഇതോടെ തന്റെ ഐ ക്ലൗഡ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ ഫോണ്‍ ഇപ്പോഴും ദുബായ് വിമാനത്താവളത്തില്‍ തന്നെയുണ്ടെന്ന് മനസിലായി. ഇക്കാര്യം ദുബായിലുള്ള തന്റെ സഹോദരനെ അറിയിച്ചു.

സഹോദരന്‍ ദുബായ് പൊലീസില്‍ വിവരമറിയിച്ചതോടെ പൊലീസ് സംഘമെത്തി വിമാനത്താവളത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഏഷ്യക്കാരായ മൂന്ന് പേരാണ് കള്ളന്മാരെന്ന് മനസിലാക്കി പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 19നും 27നും ഇടയ്ക്ക് പ്രായമുള്ള ഇവര്‍ വിമാനങ്ങള്‍ വൃത്തിയാക്കാനും ലഗേജ് കൊണ്ടുപോകാനും കരാറെടുത്തിരിക്കുന്ന കമ്പനിയിലെ ജീവനക്കാരാണ്. ദുബായ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ ജോലി ചെയ്തിരുന്ന ഇവര്‍ കൈയ്യില്‍ കിട്ടിയ ലഗേജുകളിലൊന്ന് കുത്തിത്തുറന്ന് ഫോണ്‍ കൈക്കലാക്കുകയായിരുന്നുവെന്ന് വ്യക്തമായി.

പൊലീസ് ചോദ്യം ചെയ്തതോടെ മൂന്ന് പേരും കുറ്റം സമ്മതിച്ചു. യാത്രക്കാരുടെ ബാഗുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് വിറ്റ് ലാഭം പങ്കെടുക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

click me!