ഒരു വയസുകാരിയുടെ തലയ്ക്കടിച്ച പ്രവാസി വീട്ടുജോലിക്കാരി ദുബൈ ജയിലില്‍; കുട്ടിയെ ഉറക്കാന്‍ ശ്രമിച്ചതെന്ന് വാദം

By Web TeamFirst Published Jan 17, 2023, 6:18 PM IST
Highlights

കുട്ടിയുടെ തലയില്‍ രണ്ട് തവണ ജോലിക്കാരി അടിച്ചുവെന്നാണ് കേസ് രേഖകളില്‍ ഉള്ളത്. എന്നാല്‍ ജോലിക്കാരി പലതവണ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് പിതാവ് ആരോപിച്ചു. അതേസമയം താന്‍ കുട്ടിയുടെ തലയില്‍ തലോടി ഉറക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്‍തതെന്ന് ജോലിക്കാരി വാദിച്ചു. 


ദുബായ്: ദുബായില്‍ ഒരു വയസുകാരിയായ കുട്ടിയുടെ തലയ്ക്കടിച്ച വീട്ടുജോലിക്കാരിക്ക് കോടതി ഒരു മാസം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടിട്ടുണ്ട്. ഒരു അറബ് പൗരന്റെ വീട്ടില്‍ ജോലിക്ക് നിന്ന പ്രവാസി വനിതയാണ് ശിക്ഷിക്കപ്പെട്ടത്. ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമല്ല.

വീട്ടില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് കുട്ടിയെ വീട്ടുജോലിക്കാരി ഉപദ്രവിക്കുന്ന കാര്യം അച്ഛന്‍ മനസിലാക്കിയതെന്ന് കോടതി രേഖകള്‍ പറയുന്നു. പിതാവിന്റെ പരാതി പ്രകാരം ദുബൈ പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. യുഎഇയില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിലവിലുള്ള 'വദീമ നിയമം' എന്നറിയപ്പെടുന്ന 2016ലെ ഫെഡറല്‍ നിയമം - 3 പ്രകാരവും മറ്റ് ഫെഡറല്‍ ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരവുമാണ് കേസ്. 

കുട്ടിയുടെ തലയില്‍ രണ്ട് തവണ ജോലിക്കാരി അടിച്ചുവെന്നാണ് കേസ് രേഖകളില്‍ ഉള്ളത്. എന്നാല്‍ ജോലിക്കാരി പലതവണ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് പിതാവ് ആരോപിച്ചു. അതേസമയം താന്‍ കുട്ടിയുടെ തലയില്‍ തലോടി ഉറക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്‍തതെന്ന് ജോലിക്കാരി വാദിച്ചു. കുട്ടിയ്ക്ക് ഉപദ്രവം ഏല്‍പ്പിക്കണമെന്ന് വിചാരിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കോടതിയില്‍ കുട്ടിയുടെ പിതാവ് ഹാജരാക്കിയ വീഡിയോയില്‍ ഉള്ളത് താന്‍ തന്നെ ആണെന്ന് അവര്‍ സ്ഥിരീകരിക്കുകയും ചെയ്‍തു.

ഇരുഭാഗത്തെയും വാദങ്ങള്‍ പരിഗണിച്ച കോടതി, തെളിവുകളും കുട്ടിയുടെ പിതാവിന്റെ മൊഴികളും വിശ്വാസ യോഗ്യമാണെന്ന് സ്ഥിരീകരിച്ചു. കുട്ടിക്ക് ഉപദ്രവം ഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ച് ജോലിക്കാരി മനഃപൂര്‍വം തലയില്‍ അടിച്ചതാണെന്നും കോടതി കണ്ടെത്തി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

Read also: കോഴിക്കോട് - ജിദ്ദ വിമാനത്തില്‍ യാത്രക്കാരിയുടെ ലഗേജിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന് പരാതി

click me!