
മനാമ: വ്യാജ യുഎഇ പാസ്‍പോര്‍ട്ടുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുടുങ്ങി. ബഹ്റൈനിലെ ഒരു ക്ലീനിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാകിസ്ഥാന്‍ പൗരനാണ് വ്യാജ പാസ്‍പോര്‍ട്ടുമായി യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കവെ പിടിയിലായത്. വ്യാജ രേഖ ചമച്ചതിന് കുറ്റം ചുമത്തി ഇയാളെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
38 വയസുകാരനായ യുവാവ് യുഎഇ പൗരനാണെന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ പാസ്‍പോര്‍ട്ടിന്റെ മെറ്റീരിയല്‍ അത്ര നിലവാരമുള്ളതല്ലെന്ന് തിരിച്ചറിഞ്ഞതോടെ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി. ഇതിന് പുറമെ സംസാരിച്ചപ്പോള്‍ സാധാരണ എമിറാത്തികള്‍ ഉപയോഗിക്കാത്ത ഒരു വാക്ക് ഇയാളുടെ വായില്‍ നിന്ന് പുറത്തുവന്നതോടെ കള്ള പാസ്‍പോര്‍ട്ടാണെന്ന ഉദ്യോഗസ്ഥന്റെ സംശയം ബലപ്പെടുകയും ചെയ്‍തു.
യുവാവിനെ പരിശോധിച്ച ബഹ്റൈന്‍ കസ്റ്റംസിലെ ഓഫീസറുടെ മൊഴി പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ കൗണ്ടറിലെത്തിയ യുവാവ് തന്നെ സമീപിച്ച് എമിറാത്തി പാസ്‍പോര്‍ട്ട് കൈമാറി. എന്നാല്‍ സാധാരണഗതിയില്‍ പാസ്‍പോര്‍ട്ടുകള്‍ നിര്‍മിക്കുന്ന ഗുണനിലവാരമുള്ള മെറ്റീരിയല്‍ കൊണ്ടല്ല ഇയാളുടെ പാസ്‍പോര്‍ട്ട് നിര്‍മിച്ചിരിക്കുന്നതെന്ന് മനസിലായതോടെ സംശയം തോന്നി. പരിശോധിച്ചപ്പോള്‍ പാസ്‍പോര്‍ട്ടിലെ സീലുകളും വ്യാജമാണെന്ന് സംശയിച്ചു.
ഇതോടെ നിങ്ങള്‍ എമിറാത്തി ആണോ എന്ന് കസ്റ്റംസ് ഓഫീസര്‍ യുവാവിനോട് ചോദിച്ചു. ഇതിന് മറുപടിയായി 'യാ റജില്‍' (പുരുഷന്‍ എന്ന് അര്‍ത്ഥം) എന്ന് വിളിച്ചാണ് ഇയാള്‍ സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ എമിറാത്തികള്‍ സാധാരണയായി മറ്റൊരു വാക്കാണ് ഇത്തരം സാഹചര്യങ്ങളില്‍ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന് അറിയാമായിരുന്ന ഉദ്യോഗസ്ഥന് ഇതോടെ സംശയം ഏതാണ്ട് ഉറപ്പായി. തുടര്‍ന്ന് വിശദ പരിശോധനയില്‍ പാസ്‍പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിന്റെ വിചാരണ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. പ്രതി പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Read also: ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടി മരിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് 1.2 കോടി നഷ്ടപരിഹാരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ