മരുഭൂമിയില്‍ ജീവിതം കൊണ്ട് കവിത രചിച്ചൊരാള്‍; സോഷ്യല്‍ മീഡിയയില്‍ താരമായി പ്രവാസി മലയാളി

Published : Jan 29, 2021, 10:32 AM ISTUpdated : Jan 29, 2021, 10:35 AM IST
മരുഭൂമിയില്‍ ജീവിതം കൊണ്ട് കവിത രചിച്ചൊരാള്‍; സോഷ്യല്‍ മീഡിയയില്‍ താരമായി പ്രവാസി മലയാളി

Synopsis

സജീവ് കുമാര്‍ എന്ന കുമാരേട്ടന്റെ മൂന്ന് കവിതകള്‍ ഇതിനോടകം പുറത്തിറങ്ങി.കൊവിഡ് മഹാമാരിയെ ആസ്പദമാക്കി എഴുതിയ 'ഓര്‍മ്മപ്പെടുത്തല്‍', തെരുവു ബാല്യങ്ങളുടെ നൊമ്പരങ്ങളെ അക്ഷരങ്ങളില്‍ ആവാഹിച്ച ' തെരുവോരം ' ബാല്യകാല സ്മരണകളെ കവിതയില്‍ അടച്ച ' കുട്ടിക്കാലം' എന്നീ കവിതകളൊക്കെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

മസ്‌കറ്റ്: സൊഹാര്‍ മരുഭൂമിയിലെ ഉഷ്ണക്കാറ്റില്‍ ജീവിതം കവിതയാക്കുന്നൊരാള്‍, സോഷ്യല്‍ മീഡിയയിലെ പുതുതാരം കുമാരേട്ടന്‍. കടയ്ക്കാവൂര്‍ പാണന്റെ മുക്കില്‍ നിന്ന് മസ്‌ക്കത്തിലെ സോഹാര്‍ ലിവയിലെത്തിയ പ്രവാസി. ജീവിതം കൊണ്ട് കവിതകള്‍ രചിയ്ക്കുകയാണ് അദ്ദേഹമിപ്പോള്‍. പ്രവാസ ജീവിത നൊമ്പരങ്ങള്‍ അയാളെ കവി ആക്കി. കവിതകള്‍ കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയനാകുകയാണ് സജീവ് കുമാര്‍ എന്ന കുമാരേട്ടന്‍.
                    
സജീവ് കുമാറിന്‍റെ മൂന്ന് കവിതകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. കൊവിഡ് മഹാമാരിയെ ആസ്പദമാക്കി എഴുതിയ 'ഓര്‍മ്മപ്പെടുത്തല്‍', തെരുവുബാല്യങ്ങളുടെ നൊമ്പരങ്ങളെ അക്ഷരങ്ങളില്‍ ആവാഹിച്ച 'തെരുവോരം' ബാല്യകാല സ്മരണകളെ കവിതയില്‍ അടച്ച 'കുട്ടിക്കാലം' എന്നീ കവിതകളൊക്കെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇഷ്ടം, പ്രവാസം, യാത്രാമൊഴി വിദ്യാലയ മുറ്റം, വാര്‍ദ്ധക്യം, എന്റെ പ്രണയിനി, കനല്‍  എന്നീ കവിതകള്‍ പുറത്തിറക്കി. കവിതാ രചനയില്‍ മാത്രമല്ല പൗരുഷ ഗംഭീരമാര്‍ന്ന ആലാപനം കൊണ്ടും അദ്ദേഹം ശ്രദ്ധേയനാണ്. മലയാളത്തിന്റെ പ്രമുഖ കവികളെല്ലാം അദ്ദേഹത്തിന്‍റെ രചനകളെയും ആലാപന ശൈലിയേയും പ്രശംസിച്ചിട്ടുണ്ട്.  

പാണന്റെ മുക്കില്‍ വാറുവിള വീട്ടില്‍ പരേതനായ ദാസന്റെയും, യശോദയുടെയും,മൂന്നു മക്കളില്‍ രണ്ട് പെണ്‍മക്കള്‍ക്കു ശേഷമാണ് ഇളയവനായി സജീവ് കുമാറിന്‍റെ ജനനം .നാട്ടില്‍ ദീര്‍ഘകാലം സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്നു. ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി അല്‍ യമാമ ഗ്യാസ് പ്‌ളാന്റിലെ ജീവനക്കാരനാണ്. ഭാര്യ: സിന്ധു .മക്കള്‍: അനന്യ ,സഞ്ജയ്. എഴുതിയ കവിതകള്‍  ക്രോഡീകരിച്ച് പ്രമുഖ ഗായികാ ഗായകന്‍മാരെ കൊണ്ട് ആലപിച്ച് ,ദൃശ്യവല്‍ക്കരിച്ച് പുറത്തിറക്കാനുള്ള ശ്രമങ്ങളും ഇതിനോടൊപ്പം നടക്കുന്നു. ഏറ്റവും പുതിയ കവിതയായ കനല്‍ ആണ് നിസ്വയിലെ വേള്‍ഡ് മലയാളി ഫെല്‍ലോഷിപ്പ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നിശ്ചല ദൃശ്യആവിഷ്‌കാരമായി  പുറത്തിറക്കിയിരിക്കുന്നത്. തന്റെ പ്രവാസ ജീവിത തിരക്കിനിടയിലും കവിതയുടെ രചനയില്‍ വ്യാപൃതനാണ് ഈ പ്രവാസി.

ഇപ്പോള്‍ എഴുതികൊണ്ടിരിക്കുന്ന കവിത 'കാലം' ഉടന്‍ പുറത്ത് വരും. ഇതുവരെ പുറത്തിറങ്ങിയ കവിതകള്‍: 'ഓര്‍മപ്പെടുത്തല്‍',  'തെരുവോരം',  'കുട്ടിക്കാലം',  'ഇഷ്ടം', 'യാത്ര മൊഴി', 'എന്റെ പ്രണയിനി',  'പ്രവാസം വിദ്യാലയ മുറ്റം', 'വാര്‍ദ്ധക്യം', 'കനല്‍'. കലാഭവന്‍ മണി സേവന സമിതിയുടെ സ്‌നേഹസ്പര്‍ശം പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി