പ്രവാസികളുടെ റസിഡന്റ് കാര്‍ഡിന് ഇനി മൂന്ന് വര്‍ഷം വരെ കാലാവധി

By Web TeamFirst Published Oct 24, 2021, 1:40 PM IST
Highlights

10 വയസിന് മുകളിലുള്ള പ്രവാസികള്‍ രാജ്യത്തെ പ്രവേശിച്ച് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് നല്‍കും. പുതിയ നിയമങ്ങള്‍ ഇന്നു മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. 

മസ്‍കത്ത്: ഒമാനിലെ (Oman) പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് (Resident cards) മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാവും (validity). സ്വദേശികളുടെ സിവില്‍ ഐഡിക്ക് (Civil ID) അഞ്ച് വര്‍ഷം വരെയായിരിക്കും കാലാവധി. കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് പുതുക്കണം (renewal). രാജ്യത്തെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ (civil status law) എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ജനറല്‍ (Police and customs inspector general) ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‍സിന്‍ അല്‍ ഷര്‍ഖി പ്രഖ്യാപിച്ച തീരുമാനങ്ങളിലാണ് ഇവ ഉള്ളത്.

10 വയസിന് മുകളിലുള്ള പ്രവാസികള്‍ രാജ്യത്തെ പ്രവേശിച്ച് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് നല്‍കും. പുതിയ നിയമങ്ങള്‍ ഇന്നു മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. കാര്‍ഡ് ലഭിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തി നേരിട്ട് ഹാജരാവണം. എന്നാല്‍ ഇതില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കും. ഒറിജിനല്‍ പാസ്‍പോര്‍ട്ടും ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള നോട്ടിഫിക്കേഷനുമാണ് ഹാജരാക്കേണ്ടത്. 

പുതിയ റസിഡന്റ് കാര്‍ഡിന് അഞ്ച് റിയാലും പുതുക്കാന്‍ ഓരോ വര്‍ഷത്തേക്കും അഞ്ച് റിയാല്‍ വീതവുമാണ് നല്‍കേണ്ടത്. റെസിഡന്റ് കാര്‍ഡ് നശിച്ചുപോവുകയോ നഷ്‍ടപ്പെടുകയോ ചെയ്‍‌താല്‍ പുതിയ കാര്‍ഡിന് 20 റിയാല്‍ നല്‍കണം. 30 ദിവസത്തിനകം റെസിഡന്റ് കാര്‍ഡ് വാങ്ങിയില്ലെങ്കില്‍ ഓരോ മാസത്തേക്കും അഞ്ച് റിയാല്‍ വീതം ഈടാക്കും. 

click me!