സ്‌പോൺസറുടെ മർദ്ദനമേറ്റ പ്രവാസി നിയമ പോരാട്ടം നടത്തി വിജയിച്ച് നാട്ടിലേക്ക് മടങ്ങി

By Web TeamFirst Published Mar 9, 2021, 7:40 PM IST
Highlights

സ്‍പോൺസർ നന്നായി ജോലി ചെയ്യിക്കുന്ന ആളാണെങ്കിലും ശമ്പളം സമയത്തിന് കൊടുത്തിരുന്നില്ല. നാല് മാസങ്ങളോളം തുടർച്ചയായി ശമ്പളം നൽകാത്തതിനെ തുടർന്ന് ഗതികേടിലായ സുനിൽ കുമാർ സ്പോൺസറോട് ശമ്പളം ചോദിക്കുകയും, അത് ക്രമേണ തർക്കത്തിലും വഴക്കിലും എത്തുകയും, കുപിതനായ സ്പോൺസർ സുനിൽ കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

റിയാദ്: സ്‍പോൺസർ ശമ്പളം നൽകാത്തതിനെ ചോദ്യം ചെയ്തതിനെത്തുടർന്ന് മർദ്ദനമേറ്റ തൊഴിലാളി സൗദിയിൽ കേസ് നടത്തി അനുകൂല വിധി നേടി നാട്ടിലേക്ക് മടങ്ങി. ഡൽഹി സ്വദേശിയായ സുനിൽ കുമാറാണ് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ ലേബർ കോടതിയിൽ നൽകിയ കേസ് വിജയിച്ചു നാടണഞ്ഞത്. 

കഴിഞ്ഞ നാലു വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ, ഷുകൈഖിൽ ഒരു ചെറിയ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സുനിൽ കുമാർ. സ്‍പോൺസർ നന്നായി ജോലി ചെയ്യിക്കുന്ന ആളാണെങ്കിലും ശമ്പളം സമയത്തിന് കൊടുത്തിരുന്നില്ല. നാല് മാസങ്ങളോളം തുടർച്ചയായി ശമ്പളം നൽകാത്തതിനെ തുടർന്ന് ഗതികേടിലായ സുനിൽ കുമാർ സ്പോൺസറോട് ശമ്പളം ചോദിക്കുകയും, അത് ക്രമേണ തർക്കത്തിലും വഴക്കിലും എത്തുകയും, കുപിതനായ സ്പോൺസർ സുനിൽ കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. 

തുടർന്ന് സുനിൽ ഈ വിവരങ്ങൾ നവയുഗം ഷുകൈഖ് യൂണിറ്റ് സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ സിയാദ് പള്ളിമുക്കിനെ അറിയിച്ചു സഹായം തേടി. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ച്, സിയാദിന്റെ സഹായത്തോടെ സുനിൽ ലേബർ കോടതിയിൽ സ്‍പോണ്‍സര്‍ക്കെതിരെ കേസ് നൽകി.  സിയാദിന്റെയും, സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ മണി മാർത്താണ്ഡത്തിന്റെയും സഹായത്തോടുകൂടി ലേബർ കോർട്ടിൽ കേസ് മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ കോടതിയുടെ മധ്യസ്ഥതയിൽ ശമ്പളവും ആനുകൂല്യങ്ങളും നൽകി കൊണ്ട് സ്പോൺസർ ഒത്തുതീർപ്പിന് തയ്യാറായി. നിയമനടപടികൾ പൂർത്തിയായപ്പോൾ, സഹായിച്ചവരോട് നന്ദിപറഞ്ഞുകൊണ്ട് സുനിൽകുമാർ നാട്ടിലേക്ക് മടങ്ങി.

click me!