നാല് വര്‍ഷത്തെ ഭാഗ്യ പരീക്ഷണം വിജയം കണ്ടു; യുഎഇയില്‍ പ്രവാസിക്ക് എട്ട് കോടിയുടെ സമ്മാനം

By Web TeamFirst Published Jan 18, 2023, 9:52 PM IST
Highlights

ദുബൈയിലെ ഒരു ഐ.ടി കമ്പനിയില്‍ ബിസിനസ് ഡെവലപ്‍മെന്റ് മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം നാല് വര്‍ഷമായി എല്ലാ മാസവും നറുക്കെടുപ്പില്‍ പങ്കെടുത്തു വരികയായിരുന്നു. 

ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ പ്രവാസിക്ക് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‍സ് 'ഡി'യില്‍ നടന്ന നറുക്കെടുപ്പില്‍  ലെബനാന്‍ പൗരനായ സിയാദ് നെഹ്‍മയാണ് സമ്മാനം നേടിയത്. 44 വയസുകാരനായ അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ ഭാഗ്യ പരീക്ഷണമായിരുന്നു ഇന്ന് വിജയം കണ്ടത്.

ദുബൈയിലെ ഒരു ഐ.ടി കമ്പനിയില്‍ ബിസിനസ് ഡെവലപ്‍മെന്റ് മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം നാല് വര്‍ഷമായി എല്ലാ മാസവും നറുക്കെടുപ്പില്‍ പങ്കെടുത്തു വരികയായിരുന്നു. 2007 മുതല്‍ യുഎഇയില്‍ താമസിക്കുന്ന സിയാദ്, സമ്മാനം ലഭിച്ചതില്‍ ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ചു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടുന്ന 13-ാമത്തെ ലെബനീസ് പൗരനാണ് അദ്ദേഹം.

മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് പുറമെ ആഡംബര വാഹനങ്ങള്‍ സമ്മാനം നല്‍കുന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും ഇന്ന് നടന്നു. ഇതില്‍ ഇന്ത്യക്കാരനായ ബിജു ജോസഫ് എന്ന 54 വയസുകാരന്‍ ഹാര്‍ലി ഡേവിഡ്‍സണ്‍ മോട്ടോര്‍ബൈക്ക് സ്വന്തമാക്കി. മൂന്ന് കുട്ടികളുടെ പിതാവായ അദ്ദേഹം കാര്‍ ആക്സസറീസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇതാദ്യമായാണ് ബിജു ജോസഫ് നറുക്കെടുപ്പില്‍ ടിക്കറ്റെടുത്തത്. രവി മാദ എന്ന മറ്റൊരു ഇന്ത്യക്കാരനും ഇന്നത്തെ നറുക്കെടുപ്പില്‍ ആഡംബര ബൈക്ക് സമ്മാനം ലഭിച്ചു. 32 വയസുകാരനായ ബഹ്റൈന്‍ പൗരനാണ് മെര്‍സിഡസ് ബെന്‍സ് എസ് 500 ഡയമണ്ട് വൈറ്റ് കാര്‍ ലഭിച്ചത്. അദ്ദേഹത്തിന്റെയും ആദ്യശ്രമത്തില്‍ തന്നെയാണ് സമ്മാനം ലഭിച്ചത്.

Read also: ടിക്കറ്റെടുത്താല്‍ മതി ഇനി വിസ വേറെ വേണ്ട; സന്ദര്‍ശകര്‍ക്ക് വമ്പൻ ഓഫറുമായി വിമാന കമ്പനി

click me!