
ദുബൈ: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട സംഭവത്തില്‍ ഒരു യുവതിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ദുബൈ കോടതി ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ടവരും പ്രവാസികളാണ്. പ്രധാന പ്രതിയായ യുവതിയില്‍ നിന്ന് പരാതിക്കാരന്‍ 800 ദിര്‍ഹം കടം വാങ്ങിയിരുന്നു. പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല. ഇതോടെയാണ് പണം വാങ്ങാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വളഞ്ഞവഴി തേടിയത്.
ഇവര്‍ തയ്യാറാക്കിയ പദ്ധതിപ്രകാരം പരാതിക്കാരനെ യുവതി തന്ത്രപൂര്‍വം താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയതോടെ രണ്ട് പുരുഷന്മാരുടെ കൂടെ സഹായത്തോടെ അവിടെ പൂട്ടിയിടുകയായിരുന്നു. യുവാവിന്റെ കൈവശവും പണമുണ്ടായിരുന്നില്ല. ഇതോടെ ഏതെങ്കിലും സുഹൃത്തുക്കളെ വിളിച്ച് പണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പണം കിട്ടിയാല്‍ മാത്രമേ വിടുകയുള്ളൂ എന്നായിരുന്നു സംഘാംഗങ്ങളുടെ നിലപാട്. ദുബൈ നൈഫിലെ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു പൂട്ടി ഇട്ടിരുന്നത്.
ഇയാള്‍ വിളിച്ചതനുസരിച്ച് ഒരു സുഹൃത്ത് പിന്നീട് സ്ഥലത്തെത്തി. ഇയാളോട് യുവതിയും സംഘത്തിലെ മറ്റ് രണ്ട് പുരുഷന്മാരും പണം ആവശ്യപ്പെട്ടു. പണം നല്‍കിയാല്‍ മാത്രമേ ഇയാളെ മോചിപ്പിക്കാന്‍ സാധിക്കൂ എന്ന് പറഞ്ഞെങ്കിലും സുഹൃത്ത് പണം നല്‍കാന്‍ തയ്യാറായില്ല. പകരം വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി എല്ലാവരെയും അറസ്റ്റ് ചെയ്‍തു. മുറിയില്‍ പൂട്ടിയിട്ടിരുന്ന പരാതിക്കാരെ ചോദ്യം ചെയ്തപ്പോഴാണ് യുവതി അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതാണെന്ന് പൊലീസ് മനസിലാക്കിയത്.
പ്രതികളെ എല്ലാം നടപടികള്‍ പൂര്‍ത്തിയാക്കി പ്രോസിക്യൂഷന് കൈമാറി. യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് ദുബൈ ക്രിമിനല്‍ കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഈ ശിക്ഷ ശരിവെച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം എല്ലാ പ്രതികളെയും യുഎഇയില്‍ നിന്ന് നാടുകടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ