
റിയാദ്: അവധി കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച റിയാദിലേക്ക് മടങ്ങാനിരുന്ന പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി വടക്കേക്കര കറുകപ്പള്ളി ബേബിച്ചെൻറ മകൻ സോജസ് കുര്യാക്കോസ് (41) വ്യാഴാഴ്ച രാവിശല 11ന് പാലാത്തറ ചിറയിൽ എം.സി. റോഡിലാണ് അപകടത്തിൽ പെട്ടത്.
ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡിൽ വീണുകിടന്ന കേബിളിൽ കുരുങ്ങി തെറിച്ചുവീണ് ഇലക്ട്രിക്ക് പോസ്റ്റിൽ തലയിടിച്ചായിരുന്നു മരണം. കേബിൾ ടയറിൽ ചുറ്റുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതോടെ തെറിച്ചുവീണ സോജസിന്റെ തല തൊട്ടുടത്തുണ്ടായിരുന്ന പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടി കൂടിയ നാട്ടുകാർ ചങ്ങനാശേരി താലൂക്കാശുപത്രിയിൽ എത്തിച്ചു. എന്നാൽ സോജസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
10 വർഷമായി റിയാദിലെ അൽറാജ്ഹി പ്ലാസ്റ്റിക് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് സോജസ്. രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയത്. വടക്കേക്കര സെൻറ് മേരീസ് പള്ളി തിരുനാൾ കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് ദാരുണാന്ത്യം. മൃതദേഹം ശനിയാഴ്ച രാവിലെ 11ന് വടക്കേക്കര സെൻറ്മേരീസ് പള്ളിയിൽ സംസ്കരിച്ചു.
അച്ചാമ്മയാണ് മാതാവ്. മല്ലപ്പള്ളി പാടിമൺ പുളിച്ചമാക്കൽ കുടുംബാംഗം ഷേർളിയാണ് ഭാര്യ. ആറു വയസുകാരൻ സജോ സോജസ് ഏക മകൻ. റിയാദിലെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അംഗം കൂടിയായ സോജസിന്റെ വിയോഗത്തിൽ അസോസിയേഷൻ പ്രവർത്തകർ അനുശോചിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam