
മനാമ: അപകടകരമായ രാസവസ്‍തു വിമാനത്തില്‍ കൊണ്ടുപോയതിന് ബഹ്റൈനില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്. ബഹ്റൈനില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ എട്ട് കിലോഗ്രാം മെര്‍ക്കുറിയാണ് ഇയാള്‍ ഗള്‍ഫ് എയര്‍ വിമാനത്തിലെ ലഗേജില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സംഭവം. ലഗേജില്‍ ഒളിപ്പിച്ച മെര്‍ക്കുറി ചോര്‍ന്നൊലിച്ച് വിമാനത്തിലെ ലഗേജ് കമ്പാര്‍ട്ട്മെന്റില്‍ പരന്നു. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് യാത്ര റദ്ദാക്കുകയും പിന്നീട് വിമാനം വൃത്തിയാക്കേണ്ടിയും വന്നു. ഇതിന് പുറമെ മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുള്ള രാസ പദാര്‍ത്ഥമാണ് മെര്‍ക്കുറി.
വിമാനത്തില്‍ കൊണ്ടുപോകുന്നതിന് വിലക്കുള്ള രാസ വസ്‍തു കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് ശിക്ഷ. വിമാനത്തിന്റെ ബോഡിയ്ക്ക് തകരാറുണ്ടാക്കാന്‍ മാത്രം ശേഷിയുണ്ടായിരുന്ന രാസവസ്തുവാണ് ഇയാള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും ചോര്‍ച്ച കണ്ടെത്തിയ ജീവനക്കാരുടെ ജാഗ്രതയാണ് അത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കിയതെന്നും കേസ് രേഖകള്‍ പറയുന്നു. ചോര്‍ന്നൊലിച്ച മെര്‍ക്കുറി ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിമാനത്തിനുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കേണ്ടിയിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കേണ്ടി വന്നു. ലഗേജില്‍ മെര്‍ക്കുറി ഉണ്ടായിരുന്നെന്നും സ്വര്‍ണാഭരണങ്ങള്‍ പോളിഷ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാനായിരുന്നു ഇതെന്നും പ്രതി സമ്മതിച്ചു. കേസില്‍ പ്രതിക്കെതിരെ നിരവധി തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.
Read also: സൗദിയില്‍ ആറ് വിഭാഗം ആളുകൾ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam