പ്രവാസികൾ നാട്ടിൽ പോകുന്നില്ല; നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടി

By Web TeamFirst Published Jul 30, 2021, 8:04 PM IST
Highlights

സ്വദേശിവത്കരണവും മറ്റും മൂലം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങാൻ തുടങ്ങിയത് സൗദിയിൽ നിന്ന് പുറത്തേക്ക് പണമൊഴുകുന്നതിന്റെ തോതിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനമുണ്ടാവുകയും യാത്രാവിലക്ക് വരുകയും ചെയ്‍തത് പ്രവാസികൾ നാട്ടിലേക്ക് പോകാൻ തിടുക്കപ്പെടാതെ സൗദിയിൽ തന്നെ കഴിയുന്നതിന് ഇടയാക്കി. 

റിയാദ്: കൊവിഡ് സാഹചര്യത്തിലെ യാത്രാവിലക്ക് കാരണം പ്രവാസികൾ നാട്ടിലേക്ക് പോകുന്നത് കുറഞ്ഞെങ്കിലും അവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടി. സൗദി അറേബ്യയിൽ നിന്ന് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പ്രവാസികൾ സ്വന്തം നാടുകളിലേക്ക് അയച്ചത് 6,322 കോടി റിയാലാണ്. സൗദി സെൻട്രൽ ബാങ്കായ ’സമ’ പ്രസിദ്ധീകരിച്ചതാണ് ഈ കണക്ക്. 

സ്വദേശിവത്കരണവും മറ്റും മൂലം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങാൻ തുടങ്ങിയത് സൗദിയിൽ നിന്ന് പുറത്തേക്ക് പണമൊഴുകുന്നതിന്റെ തോതിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനമുണ്ടാവുകയും യാത്രാവിലക്ക് വരുകയും ചെയ്‍തത് പ്രവാസികൾ നാട്ടിലേക്ക് പോകാൻ തിടുക്കപ്പെടാതെ സൗദിയിൽ തന്നെ കഴിയുന്നതിന് ഇടയാക്കി. പതിവിൽ കൂടുതൽ കാലം നാട്ടിൽ പോകാതെ കഴിഞ്ഞതിനാൽ പ്രവാസികളുടെ ബജറ്റിൽ നാട്ടിൽ പോകുന്നയിനത്തിലുള്ള ചെലവ് ഇല്ലാതാവുകയും അത്രയും പണം കൂടി അവരുടെ കൈവശം നീക്കിയിരിപ്പാവുകയും ചെയ്തു. 

നാട്ടിൽ പോകുന്നത് അനന്തമായി നീളുന്നതിനിടെ അവർ പകരം പണം നാട്ടിലേക്ക് വലിയ തോതിൽ അയക്കാൻ തുടങ്ങി. അതാണ് വിദേശ പണമിടപാടിൽ കഴിഞ്ഞ മാസങ്ങളിൽ ഈ വർധനക്ക് കാരണമായത്. രാജ്യത്തെ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിദേശികൾ സ്വദേശങ്ങളിലേക്ക് ആറായിരം കോടിയിലേറെ റിയാൽ അയച്ചത്. മുൻവർഷം ഇതേ കാലയളവിൽ 5,548 കോടി റിയാലായിരുന്നിടത്താണ് ഈ വർധന. 

ഈ വർഷം ആദ്യത്തെ അഞ്ച് മാസങ്ങൾക്കിടെ 774 കോടി റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പ്രവാസിയുടെ ശരാശരി പ്രതിശീർഷ റെമിറ്റൻസിലും ഇത് വർധനയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 19,124 റിയാലായിരുന്ന പ്രതിശീർഷ റെമിറ്റൻസ് 23,910 റിയാലായി ഉയർന്നു. ഇതോടെ രാജ്യത്തെ വിദേശികളുടെ മൊത്തം റെമിറ്റൻസ് തുക രാജ്യത്തെ സ്വകാര്യ മേഖലയിലെ ആഭ്യന്തര ഉൽപാദനത്തിന്റെ 11.3 ശതമാനം വരുമെന്നും കണക്കുകൾ പറയുന്നു. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ വിദേശികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് വൈകുന്നതാണ് പണമിടപാട് വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

click me!