കുവൈത്തില്‍ നിന്നെത്തിയ പ്രവാസിക്കും കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published May 11, 2020, 5:35 PM IST
Highlights

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരില്‍ ആറും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച നാല് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ചെന്നൈയില്‍ നിന്നും അടുത്തിടെ സംസ്ഥാനത്ത് തിരിച്ചെത്തിയവരാണ്. 

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഒരു പ്രവാസിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലമ്പൂർ കരുളായി പാലേങ്കര സ്വദേശിയായ 40കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒന്‍പതാം തീയ്യതി കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ് അദ്ദേഹം. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ആറായി.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരില്‍ ആറും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച നാല് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ചെന്നൈയില്‍ നിന്നും അടുത്തിടെ സംസ്ഥാനത്ത് തിരിച്ചെത്തിയവരാണ്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരില്‍ അഞ്ച് പേര്‍ക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഏഴാം തീയ്യതി അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിലെത്തിയ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ശനിയാഴ്ച ഒരാള്‍ക്കും ഞായറാഴ്ച മൂന്ന് പേര്‍ക്കും രോഗം കണ്ടെത്തുകയായിരുന്നു. മലപ്പുറം, അങ്ങാടിപ്പുറം സ്വദേശിയായ 34കാരനും ചാവക്കാട് സ്വദേശികളായ ദമ്പതികള്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 

അങ്ങാടിപ്പുറം സ്വദേശി  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചാവക്കാട് സ്വദേശികളായ ദമ്പതികള്‍ നേരത്തെ ഗുരുവായൂരില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആദ്യ ദിനമെത്തിയ രണ്ട് പേര്‍ക്ക് ശനിയാഴ്ചയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അബുദാബി - കൊച്ചി വിമാനത്തിലെത്തിയ എടപ്പാൾ നടുവട്ടം സ്വദേശിയായ 24കാരനാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിലൊരാള്‍. വിമാനത്താവളത്തില്‍ വെച്ചുതന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ അന്നുതന്നെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. 

ദുബായ്-കോഴിക്കോട് വിമാനത്തില്‍ വന്ന കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്. അവിടെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
 

click me!