Latest Videos

പക്ഷാഘാതം തളർത്തിയ ശരീരവുമായി മോഹനൻ നാട്ടിലേക്ക് തിരിച്ചു, പ്രിയതമ മരിച്ചത് അറിയാതെ

By Web TeamFirst Published Feb 24, 2021, 4:28 PM IST
Highlights

ഫെബ്രുവരി അഞ്ചിന് ഭാര്യ നാട്ടിൽ മരിച്ചു. അസുഖബാധിതനായ മോഹനനെ ഭാര്യയുടെ മരണവിവരം അറിയിച്ചിരുന്നില്ല. യാത്രാനുമതി ലഭിച്ചതോടെ കഴിഞ്ഞ ദിവസം റിയാദ് നാഷനൽ കെയർ ആശുപത്രിയിലെ നഴ്സ് റെയ്സൺ ഷാജിയോടൊപ്പം മോഹനൻ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ചു.

റിയാദ്: ദീർഘകാലത്തെ സൗദിയിലെ പ്രവാസത്തിനിടെ പക്ഷാഘാതം തളർത്തിയ ശരീരവുമായി മോഹനൻ നാട്ടിലേക്ക് തിരിച്ചു, നാട്ടിൽ പ്രിയതമ മരിച്ചതറിയാതെ. തിരുവനന്തപുരം, വാവരമ്പലം സ്വദേശി അയ്യൻ മോഹനൻ എന്ന ഈ ഹതഭാഗ്യൻ രണ്ടാഴ്ച മുമ്പ് ഭാര്യ മരിച്ചതറിയാതെയാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പുറപ്പെട്ടത്. 

28 വർഷം സൗദിയിൽ പ്രവാസിയായ ഇദ്ദേഹം റിയാദിന് സമീപം അൽഖർജിൽ മകനോടൊപ്പം ഓയിൽ ഫിൽറ്റർ സർവിസ് സെന്റർ നടത്തിവരികയായിരുന്നു. അസുഖ ബാധിതയായ ഭാര്യയെ കാണാൻ കഴിഞ്ഞ മാസം അവധിക്ക് നാട്ടിൽ പോകാൻ തയ്യാറായെങ്കിലും ഇഖാമ പുതുക്കിയ ശേഷം പോകാമെന്ന് തീരുമാനമെടുത്തു. അതിനിടയിലാണ് ജനുവരി 28ന് പക്ഷാഘാതം സംഭവിച്ച് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ അഡ്മിറ്റായത്. ഫെബ്രുവരി ഏഴിന് ടിക്കറ്റ് ലഭിക്കാൻ രേഖകൾ സമർപ്പിച്ചെങ്കിലും പക്ഷാഘാതം സംഭവിച്ച് അധികം ദിവസമാകാത്തതിനാൽ യാത്രാനുമതി ലഭിച്ചില്ല. 

ഇതിനിടെ ഫെബ്രുവരി അഞ്ചിന് ഭാര്യ നാട്ടിൽ മരിച്ചു. അസുഖബാധിതനായ മോഹനനെ ഭാര്യയുടെ മരണവിവരം അറിയിച്ചിരുന്നില്ല. യാത്രാനുമതി ലഭിച്ചതോടെ കഴിഞ്ഞ ദിവസം റിയാദ് നാഷനൽ കെയർ ആശുപത്രിയിലെ നഴ്സ് റെയ്സൺ ഷാജിയോടൊപ്പം മോഹനൻ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ചു. 28 വർഷമായി സൗദിയിൽ ഓയിൽ, ഫിൽറ്റർ മൊത്തവിതരണ കമ്പനിയായ അലൂബ് ജനറൽ ട്രേഡിങ്ങ് കമ്പനിയുമായി ബന്ധപ്പെട്ടാണ് അൽഖർജിൽ സർവിസ് സെൻറർ നടത്തിവന്നിരുന്നത്. 

നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കമ്പനിയുടെ ഉപഹാരവും അലൂബ് സെയിൽസ് സൂപർവൈസർ ജാഫർ കാളികാവ് മോഹനന് കൈമാറി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനൊപ്പം കൺവീനർമാരായ ജാഫർ കാളികാവ്, ഷിഹാബ് പുത്തേഴത്ത്, ദഖ്വാൻ എന്നിവരും അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സ് അനില, എയർ ഇന്ത്യ ജീവനക്കാരായ സക്കി, മനോജ്, നൗഷാദ് എന്നിവരും വിവിധ ഘട്ടങ്ങളിലായി സഹായത്തിനുണ്ടായിരുന്നു.

click me!