നാട്ടില്‍ പോകാന്‍ താല്‍പര്യമില്ല; ദുബായില്‍ ജയിലില്‍ കിടക്കാനായി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ സുഹൃത്തിന് ശിക്ഷ വിധിച്ചു

By Web TeamFirst Published Nov 12, 2019, 12:14 PM IST
Highlights

നാദ് അല്‍ ഹമറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു കൊലപാതകം. ജോലിക്കിടയിലെ ഇടവേള സമയത്ത് ഇന്ത്യക്കാരന്‍ മയങ്ങുന്നതിനിടെ അടുത്ത് ചെന്ന പ്രതി തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 

ദുബായ്: ജയിലില്‍ പോകാന്‍ വേണ്ടി സുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 27കാരനായ പാകിസ്ഥാന്‍ പൗരനാണ് ഒപ്പം ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത്. തനിക്ക് നാട്ടിലേക്ക് തിരിച്ച് പോകേണ്ടെന്നും എന്തെങ്കിലും കുറ്റം ചെയ്ത് ജയിലില്‍ കിടക്കണമെന്നായിരുന്നു ആഗ്രഹമെന്നും പ്രതി പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി 26നായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. നാദ് അല്‍ ഹമറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു കൊലപാതകം. ജോലിക്കിടയിലെ ഇടവേള സമയത്ത് ഇന്ത്യക്കാരന്‍ മയങ്ങുന്നതിനിടെ അടുത്ത് ചെന്ന പ്രതി തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ മുകളില്‍ കയറിയിരുന്ന് തോളില്‍ കാല്‍മുട്ട് അമര്‍ത്തി കീഴ്പ്പെടുത്തിയ ശേഷമായിരുന്നു തുണി കൊണ്ട് ശ്വാസം മുട്ടിച്ചത്. രണ്ട് തവണ ശ്വാസം മുട്ടിച്ച് ഇയാള്‍ മരണം ഉറപ്പാക്കുകയും ചെയ്തു.  വിവരം ലഭിച്ചതനുസരിച്ച് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. 

തനിക്ക് കൊല്ലപ്പെട്ടയാളുമായി യാതൊരു മുന്‍വിരോധവുമുണ്ടായിരുന്നില്ലെന്നും ജയിലില്‍ പോകാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇയാല്‍ പൊലീസിനോട് പറഞ്ഞു. നാട്ടിലേക്ക് ഇനി തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ ചില അശ്ലീല ചിത്രങ്ങള്‍ ഒരാള്‍ പകര്‍ത്തി നാട്ടിലുള്ള സഹോദരന് അയച്ചുകൊടുത്തിരുന്നു. ഇതിന് ശേഷം സഹോദരന്‍ ഫോണില്‍ വിളിച്ച് ദേഷ്യപ്പെട്ടു. ഇതോടെയാണ് ഇനി നാട്ടിലേക്ക് പോകേണ്ടെന്നും ദുബായില്‍ തന്നെ ജയിലില്‍ കിടക്കാമെന്നും തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊലപാതകത്തിന് ശേഷവും ഇയാള്‍ക്ക് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്നും അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

click me!