
റിയാദ്: സൗദി കിഴക്കൻ പ്രവിശയയിലെ ജുബൈലിൽ മത്സ്യബന്ധനത്തിനായി കടലിലൂടെ സഞ്ചരിക്കവേ ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടത്തിൽ പോണ്ടിച്ചേരി സ്വദേശി മരിച്ചു. ബോട്ട് ഡ്രൈവറായ കുപ്പുസ്വാമി ആദി (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പോണ്ടിച്ചേരി സ്വദേശികളായ കുപ്പുസ്വാമിയും സഹപ്രവർത്തകൻ മണിയും ജുബൈലിനടുത്തുള്ള അൽ ഫറെയിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിലേക്ക് പുറപ്പെട്ടതായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷം ബോട്ട് കടലിലുള്ള പൈപ്പ് ലൈനിൽ ഇടിച്ചു.
ഇടിയുടെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ കുപ്പുസ്വാമിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റ് കടലിലേക്ക് തെറിച്ച് വീഴുകയും വെള്ളത്തിൽ മുങ്ങി മരിക്കുകയും ചെയ്‌തു. ബോട്ടിന് ദിശ തെറ്റിയെങ്കിലും കൂപ്പുസ്വാമി കടലിലേക്ക് വീണത് മനസിലാക്കിയ മണി ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. അൽപ സമയത്തിന് ശേഷമാണ് മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന മണിക്കും ചെറിയ പരിക്കുണ്ട്. മണിയുടെ പക്കൽ സ്വന്തം മൊബൈൽ ഉണ്ടായിരുന്നില്ല. ബോട്ടിൽ ഉണ്ടായിരുന്ന കുപ്പുസ്വാമിയുടെ മൊബൈലിൽ സ്ക്രീൻ ലോക്ക് ഇല്ലാതിരുന്നതിനാലാണ് തത്സമയം ബന്ധപ്പെട്ടവരെ അറിയിക്കാൻ കഴിഞ്ഞത്. കുപ്പുസ്വാമിയുടെ ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. ദമ്മാമിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ