ദമ്മാമില്‍ നിന്ന് 174 പ്രവാസികളുമായി വിമാനം നെടുമ്പാശ്ശേരിയിലെത്തി

By Web TeamFirst Published May 12, 2020, 9:04 PM IST
Highlights

ദുബായില്‍ നിന്ന് പ്രവാസികളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ്ങ് 737 വിമാനവും കണ്ണൂരിലെത്തി. 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് സ്വദേശികളുമാണ്.  

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് ദമ്മാമില്‍ കുടുങ്ങിയ 174 യാത്രക്കാരുമായി വിമാനം കൊച്ചിയിലെത്തി. ഗർഭിണികൾ, രോഗികൾ, ഫൈനൽ എക്സിറ്റിൽ പോകുന്നവർ, വിസ കാലാവധി കഴിഞ്ഞവർ തുടങ്ങിയവരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങിയത്. ദുബായില്‍ നിന്ന് പ്രവാസികളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ്ങ് 737 വിമാനം കണ്ണൂരിലുമെത്തി. 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് സ്വദേശികളുമാണ്.  കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാരാണ് ബാക്കിയുള്ളവർ.  20 ഗർഭിണികളും അഞ്ച് കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ള 41 പേരും സംഘത്തിലുണ്ട്. 

നാളെ ജിദ്ദയിൽ നിന്ന് കോഴിക്കേട്ടേക്കും 14 ന് കൊച്ചിയിലേക്കും എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ മലയാളികളെ നാട്ടിലെത്തിക്കും. നിലവിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ പ്രധാന നഗരങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ മാത്രമാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ എംബസി പരിഗണിച്ചത്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കഴിയുന്ന ഗർഭിണികളും, വിസ കാലാവധി കഴിഞ്ഞവരുമായ മലയാളികൾ ഉൾപ്പടെയുള്ളവരുടെ മടക്കം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. 

ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽ നിന്നായി അഞ്ചു വിമാന സർവീസാണ് ഇന്ത്യയിലേക്കുള്ളത്. അതിൽ ഒന്നൊഴികെ നാല് സർവീസും കേരളത്തിലേക്കാണ്. മെയ് 14 നു ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കാണ് പ്രഥമ ഘട്ടത്തിലെ അവസാന വിമാന സർവീസ്. ആദ്യ ഘട്ടത്തിൽ അഞ്ചു വിമാനങ്ങളിലായി തൊള്ളായിരത്തോളം പേർക്കുമാത്രമാണ് നാട്ടിലേക്കു മടങ്ങാൻ കഴിയുക. എന്നാൽ  എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത് എഴുപത്തിനായിരത്തോളം  പ്രവാസികളാണ്.

click me!