
തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യം പുരോഗമിക്കുമ്പോള്‍ കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ പ്രവാസി മലയാളികള്‍. കൊവിഡ് പ്രതിസന്ധി തൊഴില്‍ മേഖലകളെ സാരമായി ബാധിച്ച സാഹചര്യത്തില്‍ തിരികെ ഗള്‍ഫിലെത്തുമ്പോള്‍ ജോലി കൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ചെറുജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തിയ സാധാരണക്കാരായ പ്രവാസികള്‍ പങ്കുവെക്കുന്നത്.
കേരളത്തിലെ പല ഗ്രാമങ്ങളുടെയും നട്ടെല്ല് പ്രവാസി മലയാളികളാണ്. ഗള്‍ഫില്‍ സേവനമേഖലയിലും കച്ചവടത്തിലും മറ്റ് ചെറു ജോലികളിലും ഏര്‍പ്പെട്ടാണ് ഇവര്‍ കുടുംബത്തെ സംരക്ഷിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ഒരു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമായേക്കും എന്ന കണക്കുകള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് തിരിച്ചുപോകാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍.
ഇനിയുള്ള ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന് ആലോചിക്കുകയാണ് കണ്ണൂരിലെ ബാബുരാജ് എന്ന പ്രവാസി. മകള്‍ ഐശ്വര്യയുടെ നൃത്ത പരിശീലത്തിനും മക്കളുടെ സന്തോഷത്തിനും ഒപ്പം ചേരുന്നുണ്ടെങ്കിലും സഹപ്രവര്‍ത്തകന് കൊവിഡ് ബാധിച്ചെന്ന ഫോണ്‍ കോള്‍ രണ്ടാഴ്ച മുമ്പ് എത്തിയതോടെ കൂടുതല്‍ പ്രയാസത്തിലായിരിക്കുകയാണ് അദ്ദേഹം.
മയ്യില്‍ കാവിന്‍മൂല ഗ്രാമത്തില്‍ 25 പ്രവാസികളാണുള്ളത്. ജോലി നഷ്ടപ്പെടുമോയെന്ന പേടിയാണ് ഇവരും പങ്കുവെക്കുന്നത്. നാട്ടിലെ പ്രവാസി സംഘത്തിന്റെ സെക്രട്ടറിയായ രാജീവന്‍ കുവൈത്തില്‍ തയ്യല്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. 13 കൊല്ലം ഗള്‍ഫില്‍ കഷ്ടപ്പെട്ടിട്ടും നാട്ടില്‍ ഒരു വീട് പൂര്‍ത്തിയാക്കാനായില്ല. ഭാര്യ തയ്ച്ചുണ്ടാക്കുന്നതും അമ്മ ചെങ്കല്‍ ക്വാറിയില്‍ കൂലിപ്പണിക്ക് പോയിട്ടുമായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. ഇതിനിടെ ഭാര്യ സാവിത്രിക്ക് ക്യാന്‍സര്‍ ആണെന്ന് കൂടി റിഞ്ഞതോടെ രാജീവന്‍ ഏറെ ബുദ്ധിമുട്ടിലായി.
രോഗം കൂടിയതോടെ 15 ദിവസത്തെ ലീവെടുത്ത് നാട്ടിലെത്തിയതായിരുന്നു. വിസാ കാലാവധിയും തീരാറാകുകയാണ്. കുവൈത്തില്‍ തയ്യല്‍കാരായ പലരെയും പിരിച്ചുവിടുകയാണെന്ന വാര്‍ത്ത ഇനിയെന്ത് എന്ന ചോദ്യമാണ് രാജീവന് മുമ്പില്‍ ഉയര്‍ത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ മടങ്ങിയെത്തുമ്പോള്‍ ആശ്വാസത്തിനൊപ്പം ആശങ്കയിലുമാണ് ഇവരെപ്പോലെ നിരവധി സാധാരണക്കാരായ പ്രവാസികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ