യാത്രാ പദ്ധതികള്‍ താളംതെറ്റി; ആശങ്കയോടെ പ്രവാസികള്‍, നിരവധിപ്പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി

By Web TeamFirst Published Aug 9, 2019, 5:14 PM IST
Highlights

കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ഓഗസ്റ്റ് 14 മുതല്‍ 19 വരെ കൊച്ചി വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു. ഇതിനുശേഷം കോടിക്കണക്കിന് രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെ വിമാനത്താവളത്തില്‍ വീണ്ടും വെള്ളം കയറി. 

ജിദ്ദ: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതോടെ നിരവധി പ്രവാസികള്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഗള്‍ഫിലെ പെരുന്നാള്‍ അവധികൂടി കണക്കിലെടുത്ത് മുന്‍കൂട്ടി ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യാനിരുന്നവരെയാണ് ഓര്‍ക്കാപ്പുറത്തുണ്ടായ പ്രകൃതിക്ഷോഭം പെരുവഴിയിലാക്കിയത്. കൊച്ചിയില്‍ എത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.

കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ഓഗസ്റ്റ് 14 മുതല്‍ 19 വരെ കൊച്ചി വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു. ഇതിനുശേഷം കോടിക്കണക്കിന് രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെ വിമാനത്താവളത്തില്‍ വീണ്ടും വെള്ളം കയറി. ആദ്യം ഇന്നലെ രാത്രി 12 മണി വരെയും പിന്നീട് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി വരെയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒന്‍പത് മണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ഇതനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടിയിരുന്ന നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു.

എന്നാല്‍ രാവിലെ ആറുമണിക്ക് നടത്തിയ പരിശോധനയ്ക്ക് ശേഷം ഞായറാഴ്ച വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. കനത്ത മഴ തുടരുമെങ്കില്‍ കൂടുതല്‍ ദിവസത്തേക്ക് വിമാനത്താവളം അടച്ചിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെറിയ വിമാനങ്ങള്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. ഇതിനുള്ള നടപടികളുമായി സിയാലും സര്‍ക്കാറും മുന്നോട്ടുപോവുകയാണ്. എന്നാല്‍ അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്ന പ്രവാസികളാണ് ദുരിതമനുഭവിക്കുന്നത്. സമയത്ത് മടക്കയാത്ര സാധ്യമായില്ലെങ്കില്‍ പലരുടെയും ജോലിയെത്തന്നെ ബാധിക്കുന്ന സ്ഥിതിയുമുണ്ട്.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട പ്രവാസികളുടെ അവസ്ഥയും സമാനമാണ്. ബഹ്റൈനില്‍ നിന്ന് ഇന്നലെ പുറപ്പെട്ട ഒരു വിമാനത്തിലെ യാത്രക്കാര്‍ ജിദ്ദയില്‍ കുടുങ്ങി. മറ്റ് ക്രമീകരണങ്ങളില്ലാതെ കുടുങ്ങിപ്പോയ ഇവരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണിപ്പോള്‍. മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വിമാനത്താവളത്തില്‍ എത്തിയവരെ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് ശേഷം ബന്ധപ്പെടാമെന്ന് പറഞ്ഞ് കമ്പനികള്‍ മടക്കി അയക്കുകയായിരുന്നു.

ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കുകയും ചെയ്തു. ഈ വിമാനത്തില്‍ തിരികെ വരേണ്ടിയിരുന്ന യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. "കൊച്ചിയില്‍ നിന്ന് എത്തേണ്ടിയിരുന്ന വിമാനം ഇതുവരെ എത്തിയിട്ടില്ല. ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന നിരവധി യാത്രക്കാര്‍ ചെക് ഇന്‍ ചെയ്തു കഴിഞ്ഞുിരുന്നു. സാഹചര്യം നേരിടാന്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുയാണ്" - എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അബുദാബിയില്‍ വ്യക്തമാക്കി.

click me!