
മസ്‌കറ്റ്: പതിവിന് വിപരീതമായി ഇക്കുറി മസ്‌കറ്റിലെ വിദ്യാരംഭ ചടങ്ങുകള്‍ സ്വന്തം താമസസ്ഥലത്ത് മാതാപിതാക്കളുടെ നിറഞ്ഞ വാത്സല്യത്തോടെ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ മിക്ക കുട്ടികള്‍ക്കും ഭാഗ്യം ലഭിച്ചു. മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയള വിഭാഗവും സേവാഭാരതിയുമെല്ലാം എല്ലാവര്‍ഷവും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും ഇക്കുറി ഒമാന്‍ സുപ്രിം കമ്മറ്റിയുടെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ നിലനിലക്കുന്നതിനാല്‍ യാതൊരു ഒത്ത് ചേരലുകളും നടന്നില്ല.
വിജയദശമി ദിവസം വലിയ ഓഡിറ്റോറിയത്തിലും മറ്റും പിഞ്ചു കുരുന്നുകളുമായി എത്തുന്ന രക്ഷിതാക്കളുടെ നീണ്ട നിര ഈ വര്‍ഷം ഉണ്ടായില്ല. ഈ കൊവിഡ് കാലഘട്ടം പഴയ പാരമ്പര്യത്തെ മടക്കി കൊണ്ടു വന്നെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍ സൈറ്റ് സ്‌കൂള്‍ മലയാളം അധ്യാപകനും എഴുത്തുകാരനുമായ രാധാകൃഷ്ണക്കുറുപ്പ് പറഞ്ഞു. വിദ്യാരംഭം പോലുള്ള വിശുദ്ധ ചടങ്ങുകള്‍ സ്വന്തം വീടിനകത്ത് മാതാപിതാക്കള്‍ തന്നെ നടത്തുന്നതാണ് ഏറ്റവും ഉത്തമമെന്നും,വിദ്യാഭ്യാസം ഏകാന്ത ചേതാസാ നിര്‍വഹിക്കണമെന്നത് മഹാകവി എഴുത്തച്ഛന്റെ കവി വാക്യമാണെന്നും അധ്യാപകന്‍ രാധാകൃഷ്ണക്കുറുപ്പ് കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ എഴുത്തിനിരുത്താനായി എഴുത്തുകാരേയും സിനിമാതാരത്തേയും തേടി പോകുന്ന ആവേശം ബാലിശമാണ്. വിദ്യ ഓരോ കുട്ടിയുടെയും ഉള്ളിലുണ്ട്. അവിദ്യ മറിയാല്‍ മാത്രം മതി. അത് സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണമെന്നും ഇക്കുറി അത് സാധ്യമായെന്നും രാധാകൃഷ്ണക്കുറുപ്പ് പറഞ്ഞു. മസ്‌കറ്റിലെ നൃത്ത സംഗീത അധ്യാപകര്‍ വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോമിലുടെ തങ്ങളുടെ പുതിയ ശിഷ്യര്‍ക്ക് കലയുടെ ആദ്യ പാഠങ്ങള്‍ ചൊല്ലിക്കൊടുത്തു - 'മകളുടെ നൃത്ത ക്ലാസുകള്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇന്ന് വെറ്റില വച്ച് വീണ്ടും ആരംഭിച്ചു'- ഒരു രക്ഷിതാവ് പറഞ്ഞു. കൊവിഡ് കാലം ലോകമെമ്പാടും നടന്നു വന്നിരുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഒരു പുതിയ ദിശാബോധമുണ്ടാക്കിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam