പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു;പ്രതികള്‍ക്ക് തടവുശിക്ഷ

By Web TeamFirst Published Dec 5, 2020, 3:37 PM IST
Highlights

ആറ് മണിക്കൂറോളം നീണ്ട മര്‍ദ്ദനത്തിനിടെ പ്രതികള്‍ യുവാവിന്റെ ശരീരത്തില്‍ കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

ദുബൈ: ദുബൈയില്‍ സ്വന്തം രാജ്യക്കാരനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം ഉപദ്രവിച്ച കേസില്‍ രണ്ട് നൈജീരിയ സ്വദേശികള്‍ക്ക് മൂന്നുവര്‍ഷം ജയില്‍ശിക്ഷ. യുവാവിനെ ആറ് മണിക്കൂറുകളോളം മര്‍ദ്ദിച്ച  പ്രതികള്‍ ഇയാളുടെ ശരീരത്തില്‍ സിഗരറ്റ് കത്തിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്ന് കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി കണ്ടെത്തി. 

മര്‍ദ്ദനത്തിനിരയായ യുവാവിന്റെ ബന്ധുക്കളും പ്രതികളിലൊരാളുടെ സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിയുടെ സഹോദരനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ നൈജീരിയയിലുള്ള കുടുംബം ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ 34കാരനായ പ്രതി തീരുമാനിച്ചത്.  ഇതിനായി മറ്റ് മൂന്ന് നൈജീരിയക്കാരുടെ സഹായം ഇയാള്‍ തേടി. പിന്നീട് ഈ വര്‍ഷം മെയ് മാസത്തില്‍ ബര്‍ ദുബൈയില്‍ താമസിച്ചിരുന്ന യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവാവിനെ കെട്ടിയിട്ട  ശേഷം ടാക്‌സിയില്‍ ഷാര്‍ജയിലെത്തിച്ചു. ഇവിടെ വെച്ച് പ്രതികള്‍ യുവാവിനെ ശാരീരികമായി അതിക്രമിക്കുകയും ഒന്നാം പ്രതി മര്‍ദ്ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി നൈജീരിയയിലേക്ക് അയയ്ക്കുകയും ചെയ്തു. 

ആറ് മണിക്കൂറോളം നീണ്ട മര്‍ദ്ദനത്തിനിടെ പ്രതികള്‍ യുവാവിന്റെ ശരീരത്തില്‍ കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായി ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഇയാളെ പോകാന്‍ അനുവദിച്ചു. രക്ഷപ്പെട്ട യുവാവ് ദുബൈ പൊലീസില്‍ വിവരം അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍, ശാരീരിക അതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ശിക്ഷാ കാലവധി കഴിയുമ്പോള്‍ പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 

click me!