
തെഹ്‍റാന്‍: സൗദി അറേബ്യന്‍ തീരത്ത് ചെങ്കടലില്‍ ഇറാനിയന്‍ എണ്ണക്കപ്പലില്‍ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കലില്‍ വെച്ചാണ് സ്ഫോടനമുണ്ടായതെന്ന് ഇറാനിയന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. സ്ഫോടനത്തില്‍ കപ്പലിന് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് സൗദി അറേബ്യയോ പ്രദേശത്ത് നിരീക്ഷണം നടത്തുന്ന അമേരിക്കന്‍ നാവികസേനയുടെ ഫിഫ്‍ത്ത് ഫ്ലീറ്റോ പ്രതികരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കിനടുത്തുവെച്ച് ഒരു എണ്ണക്കപ്പലിനെ ഇറാന്‍ ആക്രമിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. ഇത് ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇറാന്റെ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam