മേഖലയിലെ യാത്രാതടസ്സങ്ങൾ കണക്കിലെടുത്ത് ഖത്തർ എല്ലാത്തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് സൗജന്യമായി നീട്ടി. കൂടാതെ, രാജ്യത്ത് കുടുങ്ങിയ വിനോദസഞ്ചാരികളുടെ അധിക ഹോട്ടൽ, ഭക്ഷണ ചിലവുകൾ ഖത്തർ ടൂറിസം വഹിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള എല്ലാ വിദേശികൾക്കും ആശ്വാസകരമായ പ്രഖ്യാപനവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ എല്ലാത്തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ മന്ത്രാലയം തീരുമാനിച്ചു. നിലവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടത് മൂലം യാത്ര ചെയ്യാൻ കഴിയാതെ ഖത്തറിൽ തുടരുന്നവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. 2026 ഫെബ്രുവരി 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിസ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ ഉടൻ അവസാനിക്കുന്നതോ ആയ വിസകൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതിനായി വിദേശികൾ മന്ത്രാലയത്തിന്റെ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ലെന്നും ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിസ കാലാവധി സ്വയമേവ പുതുക്കപ്പെടുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. എന്നാൽ ഫെബ്രുവരി 28-ന് മുമ്പ് തന്നെ വിസ കാലാവധി കഴിഞ്ഞ് നിയമലംഘനം നടത്തിയവർ, നിലവിലുള്ള പിഴകൾ ഒടുക്കിയാൽ മാത്രമേ ഈ പ്രത്യേക ഇളവിന് അർഹരാവുകയുള്ളൂ. നിലവിലെ സാഹചര്യം വിലയിരുത്തി വരും ദിവസങ്ങളിൽ ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മേഖലയിലെ നിലവിലെ യുദ്ധസാഹചര്യവും വ്യോമഗതാഗത തടസ്സവും കണക്കിലെടുത്ത് ഖത്തറിലെ വിനോദസഞ്ചാരികൾക്കായി ഖത്തർ ടൂറിസം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വരെ യാത്രാ നിയന്ത്രണങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഖത്തറിൽ കുടുങ്ങിയ സന്ദർശകരുടെ ഹോട്ടൽ താമസത്തിനുള്ള അധിക ചിലവ് ഖത്തർ ടൂറിസം നേരിട്ട് വഹിക്കും. ഇതുസംബന്ധിച്ച നിർദ്ദേശം രാജ്യത്തെ എല്ലാ ഹോട്ടൽ മാനേജർമാർക്കും നൽകിക്കഴിഞ്ഞു.
ഹോട്ടൽ ബുക്കിംഗ് കാലാവധി കഴിഞ്ഞിട്ടും യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ഫെബ്രുവരി 28 മുതൽ താമസം നീട്ടി നൽകും. സന്ദർശകർക്ക് സാമ്പത്തിക ബാധ്യതയില്ലാതെ, അധികമായി വരുന്ന താമസം, ഭക്ഷണം എന്നിവയുടെ ചിലവ് സർക്കാർ ഏറ്റെടുക്കും. അതിഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അസാധാരണ നടപടി. കൂടാതെ, വ്യോമപാത അടച്ചതിനെത്തുടർന്ന് യാത്രകൾ തടസ്സപ്പെട്ടവർക്കായി ഖത്തർ എയർവേയ്‌സ് ടിക്കറ്റ് തുക തിരികെ നൽകുന്നതിനും തീയതി മാറ്റുന്നതിനും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.


