ഇന്ത്യ ഉള്‍പ്പെടെ യുഎഇയില്‍ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുമതി

By Web TeamFirst Published Jul 23, 2021, 11:02 AM IST
Highlights

എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ ഉള്‍പ്പെടെ എട്ട് വിഭാഗങ്ങള്‍ക്കാണ് നിലവില്‍ യുഎഇല്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.

ദുബൈ: ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി. ഇന്ത്യയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്തോനേഷ്യയും ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇങ്ങനെ അനുമതി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് അനുമതി ലഭിക്കുക.

എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ ഉള്‍പ്പെടെ എട്ട് വിഭാഗങ്ങള്‍ക്കാണ് നിലവില്‍ യുഎഇല്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. യുഎഇ സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും, നയതന്ത്ര ഉദ്യോഗസ്ഥര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ജീവനക്കാര്‍, മുന്‍കൂര്‍ അനുമതി ലഭിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ - സില്‍വര്‍ വിസയുള്ള പ്രവാസികള്‍, വിദേശത്ത് നിന്നുള്ള കാര്‍ഗോ, ട്രാന്‍സിറ്റ്  വിമാനങ്ങളിലെ ജീവനക്കാര്‍, ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതി ലഭിച്ച ബിസിനസുകാര്‍, യുഎഇയിലെ സുപ്രധാന മേഖലകളില്‍ ജോലി  ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പ്രവേശന അനുമതിയുള്ളത്. ഇവരും കൊവിഡ് നിബന്ധനകള്‍ പാലിക്കണം. ഒപ്പം പി.സി.ആര്‍ പരിശോധനയും ക്വാറന്റീനും അടക്കമുള്ള മറ്റ് നിബന്ധനകളും പാലിക്കണമെന്ന് അറിയിപ്പ് വ്യക്തമാക്കുന്നു.

click me!