ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്‍ച; യാത്രാ പ്രശ്നം പരിഹരിക്കാന്‍ ശ്രമം

By Web TeamFirst Published Jun 11, 2021, 12:22 PM IST
Highlights

അംബാസഡര്‍മാരുമായുള്ള കൂടിക്കാഴ്‍ച ഫലപ്രദമായിരുന്നുവെന്നും ചര്‍ച്ച ചെയ്‍ത വിഷയങ്ങള്‍ പ്രവാര്‍ത്തികമാക്കാനുള്ള നടപടികള്‍ എംബസികളുടെയും ഇന്ത്യന്‍ അംബാസഡര്‍മാരുടെയും ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്‍തു.

കുവൈത്ത് സിറ്റി: ത്രിദിന സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്‍ച നടത്തി. സൗദി അറേബ്യ, യുഎഇ, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക, കൊവിഡ് കാരണം പലയിടങ്ങളിലായി കുടുങ്ങിപ്പോയ കുടുംബാംഗങ്ങളുടെ പുനര്‍സമാഗമത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, കൊവിഡ് ദുരിതകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാരുടെ തിരിച്ചുവരവ്, വിദേശ ഇന്ത്യക്കാരുടെ യാത്രാ ദുരിതം അവസാനിപ്പിക്കുന്നതിന് വിമാന സര്‍വീസുകള്‍ വേഗത്തില്‍ പുനഃരാരംഭിക്കുന്നതിനുള്ള നടപടികള്‍, ഇന്ത്യയുടെ വ്യാപാര താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന് ആക്കം കൂട്ടുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.  അംബാസഡര്‍മാരുമായുള്ള കൂടിക്കാഴ്‍ച ഫലപ്രദമായിരുന്നുവെന്നും ചര്‍ച്ച ചെയ്‍ത വിഷയങ്ങള്‍ പ്രവാര്‍ത്തികമാക്കാനുള്ള നടപടികള്‍ എംബസികളുടെയും ഇന്ത്യന്‍ അംബാസഡര്‍മാരുടെയും ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്‍തു.

click me!