
മനാമ: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഔട്ട്‌ഡോറിലും ഇന്‍ഡോറിലും മാസ്‌ക് ധരിക്കുന്നത് ഇഷ്ടാനുസരണമാകാമെന്ന് കൊവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ സമിതി അറിയിച്ചു.
മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് മെഡിക്കല്‍ സമിതി വ്യക്തമാക്കി. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നടപ്പിലാക്കിയിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം ഒഴിവാക്കാനും തീരുമാനമായി. നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പുതിയ തീരുമാനം. എന്നാല്‍ ഭാവിയില്‍ വേണ്ടി വന്നാല്‍ വീണ്ടും നടപ്പാക്കുമെന്ന് മെഡിക്കല്‍ സമിതി വിശദമാക്കി.
ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും മാത്രമാണ് നാലാം ഡോസ്. ഫൈസര്‍ - ബയോഎന്‍ടെക് വാക്സിനായിരിക്കും നാലാം ഡോസായി നല്‍കുക.
ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെ തന്നെ നാലാം ഡോസ് വാക്സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) സ്വീകരിച്ച് നാല് മാസം പൂര്‍ത്തിയായവര്‍ക്കാണ് നാലാം ഡോസ് എടുക്കാന്‍ സാധിക്കുക. ശാസ്‍ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് നാല് മാസങ്ങള്‍ക്ക് ശേഷം പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാവാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ ശേഷി ഉറപ്പുവരുത്താന്‍ ലോകത്ത് പല രാജ്യങ്ങളും നാലാം ഡോസ് വാക്സിന്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു.
അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, അവയവ മാറ്റത്തിന് വിധേയമാവുകയും അതിനെ തുടര്‍ന്ന് പ്രതിരോധ ശേഷി കുറയ്‍ക്കുന്നതിനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്നവര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂലകോശം മാറ്റിവെയ്‍ക്കുന്ന ചികിത്സയ്‍ക്ക് വിധേയമാവുകയും തുടര്‍ന്ന് പ്രതിരോധ ശേഷി കുറയ്‍ക്കുന്നതിനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്നവര്‍, ചില പ്രത്യേക രോഗങ്ങള്‍ കാരണം പ്രാഥമികമായ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗുരുതരമായ എച്ച്.ഐ.വി രോഗബാധിതര്‍, രോഗപ്രതിരോധ ശേഷി കുറയ്‍ക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്നവര്‍, ഗുരുതരമായ വൃക്ക രോഗം ഉള്‍പ്പെടെ ചില അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് നാലാം ഡോസ് വാക്സിന്‍ നല്‍കുക.
നാലാം ഡോസിന് അര്‍ഹരായവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്നോ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സ്‍പെഷ്യലിസ്റ്റ് കെയര്‍ ടീമില്‍ നിന്നോ ബന്ധപ്പെട്ട് വാക്സിനേഷനുള്ള അപ്പോയിന്റ്മെന്റ് നല്‍കും. നാലാം ഡോസ് സ്വീകരിക്കാന്‍ യോഗ്യരായവര്‍ക്ക് 4027 7077 എന്ന നമ്പറില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനെ ബന്ധപ്പെട്ടും അപ്പോയിന്റ്മെന്റ് എടുക്കാം. നേരിട്ട് ചെന്നും അപ്പോയിന്റ്മെന്റുകള്‍ സ്വീകരിക്കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ