
ദോഹ: സാമൂഹിക മധ്യമങ്ങള്‍ വഴി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ ഭൂരിഭാഗവും ഫേക്ക് അക്കൗണ്ടുകള്‍ വഴിയാണെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. മത വിദ്വേഷ പ്രചരിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വര്‍ഗീയവിദ്വേഷം ചീറ്റുന്ന സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ വരെ മോശമായ രീതിയില്‍ ബാധിക്കുന്നുവെന്ന് യുഎഇ ഒമാന്‍ എംബസികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യാജ അക്കൗണ്ടുകള്‍ വഴി മനപ്പൂര്‍വ്വമുള്ള ഇത്തരം ശ്രമങ്ങള്‍ അവഗണിക്കണമെന്ന് ഇന്ത്യന്‍ ജനതയോട് എംബസികള്‍ ആവശ്യപ്പെട്ടു. വാസ്തവം തിരിച്ചറിയാനും സമചിത്തതയോടെ പെരുമാറാനും തയ്യാറാകണമെന്നും നമ്മുടെ ശ്രദ്ധ കൊവിഡ് പ്രതിരോധത്തില്‍ തന്നെയാകണമെന്നുമാണ് ഖത്തര്‍ എംബസി ഇപ്പോള്‍ ട്വീറ്റില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ ഒമാനിലെ ഇന്ത്യന്‍ എംബസി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കൊവിഡ് 19 ജാതിയോ മതമോ വര്‍ണമോ ഭാഷയോ നോക്കിയല്ല ബാധിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു എംബസിയുടെ ഓര്‍മപ്പെടുത്തല്‍.
ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും പങ്കുവെയ്ക്കുന്ന സഹിഷ്ണുതയുടെയും ബഹുസ്വരതയിലും അടിയുറച്ചതാണെന്ന് നേരത്തെ ഒമാന്‍ എംബസിയുടെ ട്വീറ്റില്‍ പറഞ്ഞിരുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ ഐക്യവും സാമൂഹിക ഒത്തൊരുമയും നിലനിര്‍ത്താന്‍ പ്രതിജ്ഞയെടുക്കണം. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനം. ദുരുദ്ദേശങ്ങളോടെ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വ്യാജ വാര്‍ത്തകളിലേക്ക് വഴുതിപ്പോകരുതെന്നും എംബസികള്‍ ഓര്‍മ്മിപ്പിച്ചു.
ഇംഗ്ലീഷിന് പുറമെ അറബിയിലും എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി ചില പ്രവാസികള്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്കിതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പതിവില്‍ നിന്ന് വിപരീതമായി ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരും സമൂഹത്തിലെ ഉന്നതരുമൊക്കെ ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. യുഎഇയില്‍ ഏതാനും പ്രവാസികള്‍ക്ക് ജോലി നഷ്ടമാവുകയും ചിലര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam