സൗദിയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത: നാട്ടിലേക്ക് മടങ്ങാൻ പുതിയ സംവിധാനം ‘ഔദ’

By Web TeamFirst Published Apr 22, 2020, 8:08 PM IST
Highlights

സൗദി അറേബ്യയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സൗദി ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തി.

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സൗദി ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തി. ‘ഔദ’ എന്ന പേരിലുള്ള പുതിയ സൗകര്യം നിലവിൽ എക്സിറ്റ് റീ എൻട്രി, എക്സിറ്റ് വിസ കയ്യിലുള്ളവർക്ക് ഉപയോഗപ്പെടുത്താം. സൗദി ജവാസത്തിന്‍റെ ‘അബ്ഷിർ’ വഴിയാണ് ഓൺലൈനായി ഇതിന് അപേക്ഷ നൽകേണ്ടത്. 

അപേക്ഷ സ്വീകരിച്ചാൽ യാത്രയുടെ തിയതി, ടിക്കറ്റ് നമ്പർ, ബുക്കിങ് വിവരങ്ങൾ എന്നിവ വ്യക്തമാക്കി കൊണ്ടുള്ള സന്ദേശം അപേക്ഷകെന്‍റെ മൊബൈൽ നമ്പറിൽ ലഭിക്കും. ഇതനുസരിച്ച് അപേക്ഷകന് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്താം. ‘അബ്ഷിർ’ പോർട്ടൽ സന്ദർശിച്ച് ‘ഔദ’ എന്ന ഐക്കൺ സെലക്ട് ചെയ്യണം. ശേഷം കാണുന്ന കോളത്തിൽ ഇഖാമ നമ്പർ, ജനന തീയതി, മൊബൈൽ നമ്പർ, പുറപ്പെടുന്ന നഗരം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നീ വിവരങ്ങൾ പൂരിപ്പിക്കണം. 

നിലവിൽ അബ്ഷിർ പോർട്ടലിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. റിയാദ് കിങ് ഖാലിദ്, ജിദ്ദ കിങ് അബ്ദുൽ അസീസ്, മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, ദമ്മാം കിങ് ഫഹദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയായിരിക്കും യാത്ര. ഈ നഗരങ്ങൾക്ക് പുറത്തുള്ള വിദേശികൾക്കും ഈ സേവനം ലഭിക്കും. 

click me!