യുഎഇയില്‍ തീപിടുത്തം; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Aug 7, 2019, 12:52 PM IST
Highlights

ഖോര്‍ഫക്കാനിലെ സബാറ മേഖലയിലാണ് ഞായറാഴ്ച രാത്രി വീടിന് തീപിടിച്ചത്. രാത്രി വീട്ടിലെ എ.സി പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. ഈ സമയം എല്ലാവരും ഉറക്കത്തിലായിരുന്നു. 

ഷാര്‍ജ: അര്‍ദ്ധരാത്രിയുണ്ടായ വന്‍ തീപിടുത്തത്തില്‍ നിന്ന് ഒരു കുടുംബവും വീട്ടുജോലിക്കാരിയും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഖോര്‍ഫക്കാനിലെ സബാറ മേഖലയിലാണ് ഞായറാഴ്ച രാത്രി വീടിന് തീപിടിച്ചത്. 

രാത്രി വീട്ടിലെ എ.സി പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. ഈ സമയം എല്ലാവരും ഉറക്കത്തിലായിരുന്നു. കിടപ്പുമുറിയില്‍ തീ പടന്നപ്പോള്‍ വീട്ടുടമസ്ഥന്റെ മകന്‍ ഉണര്‍ന്നതാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. അപകടം മനസിലാക്കിയ മകന്‍ ഉടന്‍ തന്നെ മറ്റ് മുറികളിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുണര്‍ത്തി വീടിന് പുറത്തെത്തിച്ചു. കനത്ത പുക വീടിനുള്ളില്‍ നിറഞ്ഞെങ്കിലും എല്ലാവര്‍ക്കും അപ്പോഴേക്കും പുറത്തെത്താനായി. മകന്‍ ഉണരാന്‍ അല്‍പനേരം കൂടി വൈകിയിരുന്നെങ്കിലും കനത്തപുക ശ്വസിച്ച് മരണം സംഭവിക്കുമായിരുന്നുവെന്ന് വീട്ടുടമസ്ഥന്‍ ഇബ്രാഹീം അലി പറഞ്ഞു.

ഷാര്‍ജ ഭവനമന്ത്രാലയത്തിലെ എമര്‍ജന്‍സി ഹൗസിങ് വിഭാഗം സ്ഥലത്തെത്തി സ്വദേശി കുടുംബത്തെ ഖോര്‍ഫക്കാനിലെ രണ്ട് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളിലേക്ക് മാറ്റി. വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവുന്നത് വരെ അവര്‍ ഹോട്ടലുകളില്‍ തുടരുമെന്ന് ഹൗസിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഇബ്രാഹീം അല്‍ ഹൗസനി അറിയിച്ചു.

click me!