ജോലി സ്ഥലത്തുണ്ടായ അപകടം; മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് 80 ലക്ഷം നഷ്‍ടപരിഹാരം നല്‍കാന്‍ യുഎഇ കോടതി വിധി

By Web TeamFirst Published Sep 14, 2020, 11:08 AM IST
Highlights

ഏഷ്യക്കാരനായ പ്രവാസിയുടെ ജീവന്‍ നഷ്‍ടമായ അപകടത്തിന് കമ്പനിയിലെ വര്‍ക്ക് സൈറ്റ് എഞ്ചിനീയറും ലേബര്‍ സൂപ്പര്‍വൈസറും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവരുടെയും അശ്രദ്ധയാണ് അപകടത്തില്‍ കലാശിച്ചത്. 

അബുദാബി: ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്‍ടമായ പ്രവാസിയുടെ കുടുംബത്തിന് നാല് ലക്ഷം ദിര്‍ഹം (80 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കാന്‍ വിധി. നേരത്തെ കീഴ്‍ക്കോടതി വിധിച്ച നഷ്‍ടപരിഹാരത്തുക അബുദാബി പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു.

ഏഷ്യക്കാരനായ പ്രവാസിയുടെ ജീവന്‍ നഷ്‍ടമായ അപകടത്തിന് കമ്പനിയിലെ വര്‍ക്ക് സൈറ്റ് എഞ്ചിനീയറും ലേബര്‍ സൂപ്പര്‍വൈസറും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവരുടെയും അശ്രദ്ധയാണ് അപകടത്തില്‍ കലാശിച്ചത്. അതുകൊണ്ടുതന്നെ ഇരുവരും തൊഴിലുടമയുമായി ചേര്‍ന്ന് നഷ്‍ടപരിഹാരത്തുക, മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് നല്‍കണമെന്നാണ് കോടതി വിധി.

നേരത്തെ സമാനമായ വിധി കീഴ്‍ക്കോടതി പുറപ്പെടുവിച്ചെങ്കിലും ഇതിനെതിരെ തൊഴിലുടമയും എഞ്ചിനീയറും ലേബര്‍ സൂപ്പര്‍വൈറസും അപ്പീലുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീല്‍ നിരസിച്ച കോടതി, മരണപ്പെട്ട തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക് നഷ്‍ടപരിഹാരം നല്‍കണമെന്ന വിധി ശരിവെയ്‍ക്കുകയായിരുന്നു.

click me!