
റിയാദ്: കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ പ്രവാസി കുടുംബങ്ങൾ വിസിറ്റിങ് വിസയിലും സൗദിയിലേക്ക് യാത്ര ചെയ്‍തു തുടങ്ങി. റിയാദിൽ ജോലി ചെയ്യുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുജീബുറഹ്‍മാന്റെ കടുംബമാണ് വിസിറ്റിങ് വിസയിൽ കഴിഞ്ഞ ദിവസം റിയാദിലെത്തിയത്. ദുബൈയിലെത്തി അവിടെ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷമായിരുന്നു റിയാദിലേക്കുള്ള ഇവരുടെ യാത്ര.
മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഒരു വർഷ കാലാവധിയുള്ള വിസിറ്റ് വിസ മാർച്ച് അഞ്ചിനാണ് സ്റ്റാമ്പ് ചെയ്‍തത്. എന്നാൽ കൊവിഡിനെ തുടർന്ന് യാത്രാവിലക്കുണ്ടായതിനാൽ ഇവർക്ക് സൗദിയിലെത്താൻ കഴിഞ്ഞില്ല. സെപ്‍റ്റംബർ 15 മുതൽ യാത്രാവിലക്ക് ഭാഗികമായി നീക്കിയതോടെ സൗദിയിലേക്ക് യാത്ര ചെയ്യാനാവുമെന്ന പ്രതീക്ഷ ഉണർന്നിരുന്നു. എന്നാൽ വിസിറ്റിങ് വിസയിലുള്ളവർക്ക് വരാൻ പറ്റുമോ എന്ന് വ്യക്തമല്ലായിരുന്നു. വിസയുള്ളവർക്ക് ദുബൈയിലെത്തി അവിടെ ക്വാറന്റീനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് വരാമെന്ന് വാർത്തയിൽ നിന്ന് അറിഞ്ഞതോടെ അതൊന്ന് പരീക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു മുജീബ്റഹ്മാൻ.
ഇതിനായി അദ്ദേഹം ആദ്യം ദുബൈയിലേക്ക് പോയി. അവിടെ നിന്നുള്ള വിസിറ്റിങ് വിസ കൂടി നേടി കുടുംബത്തിന് അയച്ചുകൊടുത്ത് അവരെയും അവിടെ എത്തിച്ചു. ദുബൈയിൽ ഒരു ഹോട്ടലിൽ മുറിയെടുത്ത് കുടുംബ സഹിതം 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. ഒടുവിൽ എല്ലാവരും കോവിഡ് ടെസ്‍റ്റ് നടത്തി നെഗറ്റീവ് റിസൾട്ടുമായി റിയാദിലേക്ക് പറക്കുകയായിരുന്നു. ഓരോരുത്തർക്കുമുള്ള കൊവിഡ് ടെസ്‍റ്റ് ഫീസ് 180 ദിർഹമാണ്.
റിയാദ് വിമാനത്താവളത്തിൽ നൂലാമാലകളൊന്നുമുണ്ടായിരുന്നില്ല. പാസ്‌പോർട്ടുകൾ എമിഗ്രേഷൻ വിഭാഗം പരിശോധിച്ച് ദുബൈയിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞെന്നും വേറെ രാജ്യങ്ങളിലേക്കൊന്നും ഈ കാലയളവിനിടയിൽ യാത്ര ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തി. എന്തായാലും വിസിറ്റിങ് വിസയിലും സൗദിയിലേക്ക് വരാമെന്ന് വ്യക്തമായതോടെ പ്രവാസികൾ ഏറെ ആശ്വാസത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam