'ഞങ്ങക്ക് വേറാരുമില്ല', ഷാർജയിൽ കാൽ നൂറ്റാണ്ടായി ഒറ്റ മുറിയിൽ വൈക്കം സ്വദേശിയുടെ കുടുംബം

By Web TeamFirst Published Jul 15, 2021, 10:45 AM IST
Highlights

ഭര്‍ത്താവിനെ നാടുകടത്തിയതോടെയാണ് വൈക്കം സ്വദേശി സന്തോഷിന്‍റെ ഭാര്യയും മക്കളും ഗള്‍ഫില്‍ ഒറ്റപ്പെട്ടത്.  താമസ രേഖകള്‍ ഇല്ലാത്തിന്‍റെ പേരില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പുറംലോകവുമായി ബന്ധമില്ലാതെ ഷാര്‍ജയിലെ ഒറ്റമുറിയില്‍ കഴിയുകയാണ് സുഹ്റയും രണ്ടുമക്കളും.

ഷാർജ: കാല്‍ നൂറ്റാണ്ടോളമായി പുറം ലോകവുമായി ബന്ധമില്ലാതെ ഷാര്‍ജയില്‍ കഴിയുന്ന മൂന്നംഗ കുടുംബം നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുന്നു. ഭര്‍ത്താവിനെ നാടുകടത്തിയതോടെയാണ് വൈക്കം സ്വദേശി സന്തോഷിന്‍റെ ഭാര്യയും മക്കളും ഗള്‍ഫില്‍ ഒറ്റപ്പെട്ടത്.  താമസ രേഖകള്‍ ഇല്ലാത്തിന്‍റെ പേരില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പുറംലോകവുമായി ബന്ധമില്ലാതെ ഷാര്‍ജയിലെ ഒറ്റമുറിയില്‍ കഴിയുകയാണ് സുഹ്റയും രണ്ടുമക്കളും.

1991-ലാണ് ശ്രീലങ്കക്കാരി സുഹ്റാ ബീവി വീട്ടുജോലി തേടി അബുദാബിയിലെത്തിയത്. തൊഴിലെടുത്ത ഈജിപ്ഷ്യൻ കുടുംബത്തില്‍ നിന്ന് ദേഹോപദ്രവം ഏറിയതോടെ അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നീട് വൈക്കം സ്വദേശി സന്തോഷുമായി പ്രണയത്തിലായി. പാസ്പോര്‍ട്ട് വിട്ടു കൊടുക്കാന്‍ ഈജിപ്ഷ്യന്‍ കുടുംബം തയ്യാറാവതെ വന്നപ്പോള്‍ നിയമപരമായി റജിസ്റ്റർ ചെയ്യാതെ അവരൊന്നായി. നിയമ വിരുദ്ധമായുള്ള താമസം ഈ കുടംബത്തിന്‍റെ പിന്നീടുള്ള ഓരോ ചുവടുവെപ്പിനേയും ബാധിച്ചു. ആശുപത്രിയിലേക്ക് പോകാനാവാത്തതിനാല്‍ താമസിക്കുന്ന ഫ്ലാറ്റിലാണ് രണ്ടുകുട്ടികള്‍ക്കും ജന്മം നല്‍കിയത്.

കഷ്ടപ്പാടുകൾക്കൊടുവിൽ ഷാര്‍ജയില്‍ നല്ല നിലയില്‍ ജീവിതം തുടങ്ങിവരുമ്പോള്‍ 2012-ല്‍ കച്ചവടത്തില്‍ പങ്കാളി ചതിച്ചതോടെ ജയിലിലായ സന്തോഷിനെ ഭരണകൂടം നാടുകടത്തി. ഭാര്യയേയും മക്കളേയും പിരിഞ്ഞു നില്‍ക്കാന്‍ പറ്റാതെ മാസങ്ങള്‍ക്കകം ഒമാന്‍ വഴി നിയമ വിരുദ്ധമായി ദുബൈയില്‍ എത്തിയെങ്കിലും  പോലീസ് പിടിയിലായി, വീണ്ടും നാടുകടത്തല്‍.

മക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് പോലുമില്ല. അതുകൊണ്ട് ഇരുപത്തിയഞ്ചുകാരനായ മകനും ഇരുപത്തിമൂന്നുകാരി മകളും ഇതുവരെ സ്കൂളിന്‍റെ പടിപോലും കണ്ടിട്ടില്ല. 

ഈ ഒറ്റമുറിയില്‍ ബേബി സിറ്റിംഗ് നടത്തികിട്ടുന്ന കാശുകൊണ്ടാണ് അമ്പത്തിയാറുകാരി സുഹ്റ മക്കളെ വളര്‍ത്തിയത്. കൊവിഡ് വന്നതോടെ അതും മുടങ്ങി. 

ജീവിതം തീര്‍ത്തും പ്രതിസന്ധിയിലായ അവര്‍ക്ക്  എങ്ങനെയെങ്കിലും നാട്ടിലെ പിതാവിനരികിലെത്താന്‍ സഹായിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!