ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്

Published : Dec 07, 2025, 01:41 PM IST
hotel room

Synopsis

ഹോട്ടൽ മുറിയിൽ രണ്ടു വര്‍ഷത്തോളം താമസിച്ചിട്ടും ബില്‍ തുക പൂര്‍ണമായും അടയ്ക്കാൻ തയ്യാറാകാതിരുന്ന ആറംഗ കുടുംബത്തിനെതിരെ കോടതി വിധി. കുടുംബത്തോട് മുറി ഉടൻ ഒഴിയാൻ ദുബൈ സിവിൽ കോടതി ഉത്തരവിട്ടു.  

ദുബൈ: രണ്ടു വര്‍ഷത്തോളം ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ച ശേഷം ബില്‍ തുക പൂര്‍ണമായും നല്‍കാൻ വിസമ്മതിച്ച ആറംഗ അറബ് കുടുംബത്തോട് മുറി ഉടൻ ഒഴിയാൻ ദുബൈ സിവിൽ കോടതി ഉത്തരവ്. ഒക്ടോബർ 1 വരെ അടയ്‌ക്കേണ്ട 1,55,000 ദിർഹമിൻ്റെ (ഏകദേശം 35 ലക്ഷം രൂപ) കുടിശ്ശികയും മറ്റ് ഫീസുകളും, ഒഴിഞ്ഞുപോകുന്നത് വരെയുള്ള ദിവസ വാടകയും പൂർണ്ണമായി പണം തിരിച്ചടയ്ക്കുന്നത് വരെ 5 ശതമാനം നിയമപരമായ പലിശയും കുടുംബം നൽകണമെന്നും കോടതി വിധിച്ചു.

ദമ്പതികളും അവരുടെ നാല് മക്കളുമടങ്ങുന്ന ആറംഗ കുടുംബം 2023 മുതൽ ഒരു ഹോട്ടൽ മുറിയിൽ താമസിച്ച് വരികയായിരുന്നു. ഈ ഹോട്ടൽ അധികൃതരുമായിട്ടാണ് കുടുംബം പിന്നീട് തർക്കത്തിലായത്. ആകെ ബില്ലിൻ്റെ ഒരു ഭാഗം കുടുംബം അടച്ചെങ്കിലും ബാക്കിയുള്ള തുക 2,75,000 ദിർഹത്തിലേറെയുണ്ടായിരുന്നു. തുടർച്ചയായുള്ള അഭ്യർത്ഥനകൾക്ക് മറുപടി ലഭിക്കാതെ വന്നതോടെ കുടിശ്ശിക ലഭിക്കുന്നതിനും മുറി ഒഴിയുന്നതിനും ആവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

മാസങ്ങളോളം ഓർമ്മിപ്പിച്ചിട്ടും കുടിശ്ശിക അടയ്ക്കാനോ ഹോട്ടൽ വിട്ടുപോകാനോ കുടുംബം വിസമ്മതിച്ചു എന്നാണ് ഹോട്ടൽ മാനേജ്‌മെൻ്റ് വാദിച്ചത്. കുടുംബം ഭാഗികമായി അടച്ച തുക ആകെ സാമ്പത്തിക ബാധ്യതയുടെ ഒരു ചെറിയ അംശം മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. കോടതി നടപടികൾക്കിടെ, തങ്ങളുടെ താമസം വാടക കരാറിന് സമാനമായതിനാൽ തർക്കം വാടക തർക്ക പരിഹാര കേന്ദ്രമാണ് കൈകാര്യം ചെയ്യേണ്ടതെന്ന വാദമുയർത്തി കുടുംബം കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്തിരുന്നു.

എങ്കിലും ഈ ബന്ധം ഒരു ഹോട്ടൽ താമസ സൗകര്യം മാത്രമാണെന്നും വാടക കരാറല്ലെന്നും നിരീക്ഷിച്ച് കോടതി ഈ വാദം തള്ളി. വാടക കരാറോ യൂട്ടിലിറ്റി ബില്ലുകളോ ഇല്ലാത്തതിനാൽ കുടുംബത്തിൻ്റെ നിലപാട് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതി നിയോഗിച്ച വിദഗ്ദ്ധൻ നൽകിയ റിപ്പോർട്ടിൽ, കുടുംബം 2023 നവംബർ 5 മുതൽ മുറിയിൽ താമസിച്ചിട്ടുണ്ടെന്നും ഹോട്ടൽ സമ്മതിച്ച എല്ലാ സേവനങ്ങളും നൽകിയിട്ടുണ്ടെന്നും എന്നാൽ കുടുംബം ബാക്കി തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സ്ഥിരീകരിച്ചു.

വിവിധ സീസണുകളിൽ മുറി വാടകയിൽ മാറ്റങ്ങൾ ഉണ്ടായിരുന്നതായും വിദഗ്ദ്ധൻ ചൂണ്ടിക്കാട്ടി. 2025 ഏപ്രിൽ 11 വരെയുള്ള കാലയളവിൽ 90,412 ദിർഹമും, ഏപ്രിൽ 12 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ 65,425 ദിർഹമും ഉൾപ്പെടെ ആകെ കുടിശ്ശിക 1,55,837 ദിർഹം ആണെന്ന് റിപ്പോർട്ടിൽ കണക്കാക്കി. കടം വീട്ടാമെന്ന് ഭർത്താവ് ഇലക്ട്രോണിക് സന്ദേശങ്ങളിലൂടെ സമ്മതിച്ചതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു, ഇത് ഭാര്യയോടൊപ്പം സാമ്പത്തിക ബാധ്യതയിൽ അദ്ദേഹത്തിനും പങ്കുണ്ടെന്ന് ഉറപ്പിച്ചു.

വിദഗ്ദ്ധ റിപ്പോർട്ടും കേസ് രേഖകളും പരിശോധിച്ച ശേഷം, കുടുംബം മുറി ഒഴിഞ്ഞു കൊടുക്കണമെന്നും താമസത്തിൻ്റെ തുടക്കത്തിൽ ഉണ്ടായിരുന്ന അവസ്ഥയിൽ ഹോട്ടലിന് തിരികെ നൽകണമെന്നും കോടതി വിധിച്ചു. ദമ്പതികൾ സംയുക്തമായി എല്ലാ കുടിശ്ശികകളും കൂടാതെ 2025 ഒക്ടോബർ 2 മുതൽ മുറി ഒഴിയുന്നതുവരെയുള്ള ഓരോ ദിവസത്തേക്കും 375 ദിർഹം നിരക്കിലുള്ള താമസ ഫീസും, കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണ്ണമായി പണം അടയ്ക്കുന്നത് വരെ 5 ശതമാനം നിയമപരമായ പലിശയും നൽകണമെന്നും കോടതി ഉത്തരവിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട