ലേലം അംഗീകരിച്ചു, ചെക്ക് കൈമാറി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'ഥാര്‍' ഇനി വിഘ്‍നേഷിന് സ്വന്തം

Published : Jun 17, 2022, 12:02 PM IST
ലേലം അംഗീകരിച്ചു, ചെക്ക് കൈമാറി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'ഥാര്‍' ഇനി വിഘ്‍നേഷിന് സ്വന്തം

Synopsis

നേരത്തെ നല്‍കിയ 25 ലക്ഷം രൂപയുടെ ബാക്കി തുകയായ 23,16,000 രൂപയുടെ ചെക്കാണ് വെള്ളിയാഴ്ച വിഘ്നേഷിന്റെ പിതാവ് വിജയകുമാര്‍ മേനോന്‍ കൈമാറിയത്. 

ദുബൈ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ പ്രവാസി മലയാളി വിഘ്‍നേഷ് വിജയകുമാര്‍ ലേലത്തുകയുടെ ചെക്ക് കൈമാറി. വിഘ്നേഷിന് വേണ്ടി പിതാവ് വിജയകുമാർ മേനോൻ ആണ്  മുഴുവന്‍ തുകയുമടങ്ങിയ ചെക്ക് വെള്ളിയാഴ്ച ഗുരുവായൂര്‍ ദേവസ്വത്തിന് കൈമാറിയത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ലേലം അംഗീകരിച്ചതായി തീരുമാനമെടുത്തത്. തുടര്‍ന്ന് വാഹനം ലേലത്തില്‍ സ്വന്തമാക്കിയ വിഘ്‍നേഷിനെ അധികൃതര്‍ ബന്ധപ്പെട്ട് പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ നല്‍കിയ 25 ലക്ഷം രൂപയുടെ ബാക്കി തുകയായ 23,16,000 രൂപയുടെ ചെക്കാണ് വെള്ളിയാഴ്ച വിഘ്നേഷിന്റെ പിതാവ് വിജയകുമാര്‍ മേനോന്‍ കൈമാറിയത്. 

ഇനി വാഹനത്തിന്റെ ഉടമസ്ഥാവകാശം വിഘ്നേഷിന്റെ പേരിലേക്ക് മാറ്റുന്നതിന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് കൂടി പൂര്‍ത്തിയായ ശേഷം വാഹനം വിഘ്നേഷിന് കൊണ്ടുപോകാം. ഉടമസ്ഥാവകാശം മാറ്റുന്ന നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ വാഹനം ഏറ്റുവാങ്ങാന്‍ വിഘ്നേഷ് ദുബൈയില്‍ നിന്ന് നേരിട്ടെത്തും.

Read also: എത്ര വില നല്‍കിയും ആ വാഹനം സ്വന്തമാക്കുമായിരുന്നു; ഗുരുവായൂരില്‍ ഥാര്‍ ലേലത്തില്‍ പിടിച്ച പ്രവാസി പറയുന്നു

43 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷ് വിജയകുമാർ ഥാർ ലേലത്തിലൂടെ സ്വന്തമാക്കിയത്. ഇതിന് പുറമെ ജി.എസ്.ടിയും നല്‍കേണ്ടിയിരുന്നു. ഔദ്യോഗിക തിരക്കുകള്‍ കാരണം ദുബൈയില്‍ നിന്ന് നേരിട്ട് ലേലത്തിനെത്താന്‍ സാധിക്കാത്തതിനാല്‍ പ്രൊജക്ട് മാനേജര്‍ അനൂപിനെയാണ് ലേലത്തിനായി ചുമതലപ്പെടുത്തിയത്. അച്ഛന്‍ വിജയകുമാർ മേനോനും ലേലത്തിന് ഒപ്പമുണ്ടായിരുന്നു.

അമൂല്യമായൊരു വാഹനമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും എത്ര വില നല്‍കിയിട്ടാണെങ്കിലും അത് സ്വന്തമാക്കാന്‍ തന്നെയായിരുന്നു ആഗ്രഹമെന്നും ലേലത്തിന് ശേഷം ദുബൈയില്‍ വെച്ച് വിഘ്‍നേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  വിലയുടെ കാര്യം നോക്കേണ്ടെന്നും പോയി ലേലം ഉറപ്പിച്ച് മാത്രമേ വരാവൂ എന്നുമായിരുന്നു വിഘ്നേഷ്, അനൂപിന് നല്‍കിയ നിര്‍ദേശം. ഗുരുവായൂരപ്പന്റെ കടുത്ത ഭക്തരായ തന്റെ അച്ഛനും അമ്മയ്‍ക്കും ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനാണ് ഈ വാഹനം ഉപയോഗിക്കുകയെന്നും വിഘ്നേഷ് നേരത്തെ പറഞ്ഞിരുന്നു.

Read also: വിജ്ഞാന, തൊഴിൽ വൈദഗ്ധ്യം നൽകാൻ ഇന്ത്യയിലെമ്പാടും പരിശീലന കേന്ദ്രങ്ങൾ തുറക്കുമെന്ന് വിഘ്‍നേഷ് വിജയകുമാർ

ദുബൈയിലെ അറിയപ്പെടുന്ന വാഹന പ്രേമി കൂടിയായ വിഘ്‍നേഷിന്റെ സ്വകാര്യ ശേഖരത്തില്‍ ആഡംബര കാറുകള്‍ ഉള്‍പ്പെടെ 12 വാഹനങ്ങളാണുള്ളത്. 'ചെറുപ്പത്തിലേ വാഹനക്കമ്പമുണ്ടായിരുന്നെങ്കിലും അവ സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. പിന്നീട് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് അവയെല്ലാം സാധ്യമായി. ഫെറാറിയും ബെന്റ്‍ലിയും മേബാക്കും റോള്‍സ് റോയ്സുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇനി വരാന്‍ പോകുന്നതും ഇപ്പോള്‍ ഉള്ളതുമടക്കമുള്ള ഒരു വാഹനത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച ഥാറിനോളം മൂല്യമില്ലെന്ന് തന്നെയാണ്' വിഘ്‍നേഷ് പറയുന്നത്.  

അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‍നേഷ് 18 വര്‍ഷമായി ദുബൈയില്‍ ബിസിനസ് നടത്തുകയാണ്. പേഴ്‍സണല്‍ റിലേഷന്‍ഷിപ്പ് സ്ഥാപനത്തില്‍ തുടങ്ങി ഇന്ന് ഏഴ് കമ്പനികള്‍ ഗള്‍ഫിലും രണ്ട് കമ്പനികള്‍ നാട്ടിലുമുണ്ട്. വിദേശ രാജ്യങ്ങളിലും കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ