
മക്ക: പതിനൊന്ന് വയസ്സുള്ള മകളെ കെട്ടിയിട്ട് ചാട്ട കൊണ്ട് അടിക്കുകയും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പിതാവിനെതിരെ സൗദി അറേബ്യയില്‍ നിയമനടപടികള്‍ ആരംഭിച്ചു. പിതാവ് മകളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് മക്ക പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
മ്യാന്‍മര്‍ സ്വദേശിയായ 40കാരന്‍ മകളെ നിലത്ത് കമഴ്ത്തി കിടത്തി ഏണിയില്‍ ചേര്‍ത്ത് കെട്ടുന്നതും പിന്നീട് ചാട്ട കൊണ്ട് പലതവണ അടിക്കുന്നതുമാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ പിതാവ് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ സഹോദരി അനുവാദമില്ലാതെ കുട്ടിയുടെ മുടി മുറിച്ചു. തുടര്‍ന്ന് വീട് വിട്ടിറങ്ങിയ സഹോദരിക്ക് അയച്ചുകൊടുക്കാനും ഇവരെ തിരിച്ചുകൊണ്ടുവരാനും വേണ്ടിയാണ് മകളെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍, കുട്ടിയുടെ അമ്മയെ കൊണ്ട് ചിത്രീകരിച്ചതെന്ന് ഇയാള്‍ പറഞ്ഞെന്നാണ് വിവരം.
വീഡിയോ പ്രചരിച്ചതോടെ ബുധനാഴ്ചയാണ് സൗദി പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഇയാള്‍ കുട്ടിയെ കെട്ടിയിട്ട് അടിക്കുന്നത് വ്യക്തമാണ്. സൗദിയില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിയമത്തില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ട സുരക്ഷയും കരുതലും കൊടുക്കാതെ വളര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 2014ലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം 18 വയസ്സ് വരെയുള്ളവരെ കുട്ടികളായി കണക്കാക്കുന്നു. ഇവര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന്, സ്‌കൂളുകളില്‍, കെയര്‍ ഹോമുകളില്‍, പൊതുസ്ഥലങ്ങളില്‍ എന്നിവിടങ്ങളില്‍ സംരക്ഷണം ഉറപ്പാക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam