ഒമാനില്‍ അഞ്ചാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു

By Web TeamFirst Published Feb 27, 2020, 8:30 PM IST
Highlights

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 (കൊറോണ) വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന പ്രതിരോധ-നിയന്ത്രണ നടപടികളുമായി അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. 

മസ്കറ്റ്: ഒമാനില്‍ അഞ്ചാമത്തെയാള്‍ക്കും കൊറോണവൈറസ് ബാധിച്ചതായി സ്ഥിരീകരണം. വ്യാഴാഴ്ച ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിലേക്ക് യാത്ര ചെയ്ത ആള്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഒമാനില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് വൈറസ് ബാധയുണ്ടായെന്നും എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 (കൊറോണ) വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന പ്രതിരോധ-നിയന്ത്രണ നടപടികളുമായി അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. കോവിഡ് 19 വൈറസ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉംറ തീര്‍ത്ഥാടനത്തിന് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഉംറ തീര്‍ത്ഥാടനം നിര്‍ത്തി വയ്ക്കുന്നതായാണ് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഉംറ തീർത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്.

ഇതോടൊപ്പം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ വിലക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയില്‍ 13 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഇതിനോടകം തന്നെ സുഖംപ്രാപിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയലത്തിന്‍റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച വരെ രാജ്യത്ത് 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 19 മരണങ്ങളാണ് ബുധനാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.അതേസമയം ശരിയായ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇറാന്‍ മറച്ചുവെയ്ക്കുന്നതായി സംശയമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു.
 

click me!