സൗദി അറേബ്യയെ ലക്ഷ്യമാക്കിയെത്തിയ 30-ഓളം ഡ്രോണുകളെ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. റിയാദിലെ അതീവ സുരക്ഷാ മേഖലയായ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടർ, കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണ ശ്രമങ്ങൾ. 

റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടെത്തിയ 30-ഓളം ഡ്രോണുകളെ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. കഴിഞ്ഞ 12 മണിക്കൂറിനിടെയുണ്ടായ വിവിധ ആക്രമണ ശ്രമങ്ങളെയാണ് സൗദി സൈന്യം പരാജയപ്പെടുത്തിയത്.

റിയാദിലെ അതീവ സുരക്ഷാ മേഖലയായ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടർ, കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണങ്ങൾ നടന്നത്. കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 23 ഡ്രോണുകളെ പ്രതിരോധ മന്ത്രാലയം വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു. റുബ് അൽ ഖാലി വഴി ഷൈബ എണ്ണപ്പാടം എണ്ണപ്പാടം ലക്ഷ്യമാക്കി നീങ്ങിയ ഏഴ് ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടു. വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദിലെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപം എത്തിയ ശത്രു ഡ്രോണിനെ സൈന്യം നിരീക്ഷിച്ച ശേഷം തകർത്തു.

മംഗഫ് റെസിഡൻഷ്യൽ കെട്ടിടത്തിൽ ഡ്രോൺ ആക്രമണം

കുവൈത്തിന്‍റെ തെക്കൻ ഭാഗമായ മംഗഫ് മേഖലയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം അണച്ചതായി ജനറൽ ഫയർ ഫോഴ്‌സിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് അറിയിച്ചു. ഇന്ന് പുലർച്ചെ ശത്രു ഡ്രോൺ ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ തീപിടിച്ചതായാണ് അധികൃതർ വ്യക്തമാക്കിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

സംഭവസ്ഥലത്തെത്തിയ ഉടൻ ഫയർഫോഴ്‌സ് സംഘങ്ങൾ കെട്ടിടത്തിലുള്ള എല്ലാ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും പിന്നീട് തീ നിയന്ത്രണത്തിലാക്കി അണയ്ക്കുകയും ചെയ്തു. പരിക്കേറ്റവരെ ബന്ധപ്പെട്ട അധികാരികൾ ചികിത്സയ്ക്ക് മാറ്റിയതായും അറിയിച്ചു. അധികൃതർ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും അഭ്യൂഹങ്ങളും തെറ്റായ വാർത്തകളെയും വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഫയർഫോഴ്‌സ് ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ അറിയിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി. 

അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. പല തവണ ഡ്രോൺ ആക്രമണ ശ്രമം നടന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. ഇന്ന് രാവിലെ പല ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിന് ലക്ഷ്യമിട്ടതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറിയ തോതിൽ നാശനഷ്ടം ഉണ്ടായി.