ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പട്ടാപ്പകല്‍ കൊലപാതകം; പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് കണ്ടെത്തല്‍

By Web TeamFirst Published Jun 5, 2021, 9:36 PM IST
Highlights

കൊലപാതകത്തിന് ശേഷം രണ്ട് കൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി കീഴ്‍പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധിപ്പേര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

ദുബൈ: ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അറബ് വംശജനെ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പിടിയിലായ 38 വയസുകാരനെ ചോദ്യം ചെയ്‍ത വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് ദേറ നായിഫിലെ ഫ്രിജ് മുറാറിര്‍ അറബ് വംശജനായ യുവാവിനെ ഒപ്പമുണ്ടായിരുന്നയാള്‍ കുത്തിക്കൊന്നത്. കൊലപാതകത്തിന് ശേഷം രണ്ട് കൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി കീഴ്‍പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധിപ്പേര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

ഉച്ചയ്‍ക്ക് ശേഷം രണ്ട് മണിയോടെ അറബ് വംശജരായ രണ്ട് പേര്‍ ഒരുമിച്ചാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടന്നുവന്നത്. അല്‍പനേരത്തിന് ശേഷം ഇവരിലൊരാള്‍ പുറത്തേക്ക് നടക്കുന്നതിനിടെ രണ്ടാമന്‍ പിന്നാലെയെത്തി ശരീരത്തിന്റെ പിന്‍ഭാഗത്ത് നിരവധി തവണ കുത്തുകയായിരുന്നു.

കുത്തേറ്റ യുവാവ് ചോര വാര്‍ന്ന് നിലത്ത് കിടക്കുന്നതിനിടെ, പ്രതി രണ്ട് കൈയിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ചു. അടുത്തേക്ക് വരുന്നവരെ ആക്രമിക്കനൊരുങ്ങിയ ഇയാള്‍ സ്വബോധം നഷ്‍ടപ്പെട്ടവനെപ്പോലെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‍തു.

ആള്‍ക്കൂട്ടം കണ്ട് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ അനുനയിപ്പിച്ച ശേഷം പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.  കുത്തേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മറ്റാരെയും ആക്രമിക്കാതെ തന്നെ തന്ത്രപൂര്‍വം ഇയാളെ കീഴ്‍പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് അഭിനന്ദിച്ചിരുന്നു. 

click me!