യുഎഇയില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം; അഞ്ച് ലക്ഷം ദിര്‍ഹം പിഴ ലഭിക്കും

By Web TeamFirst Published Jun 28, 2019, 3:39 PM IST
Highlights

വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വീട്ടിലുണ്ടാക്കിയ ഭക്ഷണം, തുടങ്ങിയവയൊക്കെ വാട്സ്ആപ് വഴി വില്‍പ്പന നടത്തുന്നവര്‍ നിരവധിയുണ്ട്. ലൈവ് വീഡിയോകള്‍ വഴിയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരത്തിലുള്ള വില്‍പനകള്‍ നടക്കുന്നത്.

അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ അനധികൃതമായി സാധനങ്ങള്‍ വില്‍ക്കുന്നതിന് യുഎഇയില്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീടുകളിലിരുന്ന് പോലും ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യുക, തയ്യല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുക, വസ്ത്രങ്ങളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വിതരണം ചെയ്യുക തുടങ്ങിയവയൊക്കെ ചെയ്യുന്നതിന് യുഎഇയില്‍ ട്രേഡ് ലൈസന്‍സ് ആവശ്യമാണ്.

വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വീട്ടിലുണ്ടാക്കിയ ഭക്ഷണം, തുടങ്ങിയവയൊക്കെ വാട്സ്ആപ് വഴി വില്‍പ്പന നടത്തുന്നവര്‍ നിരവധിയുണ്ട്. ലൈവ് വീഡിയോകള്‍ വഴിയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരത്തിലുള്ള വില്‍പനകള്‍ നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനിലൂടെ ഏത് തരം വ്യാപാര പ്രവര്‍ത്തനങ്ങളും നടത്തണമെങ്കില്‍ യുഎഇയില്‍ ട്രേഡ് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അനധികൃത വ്യാപാരം നടത്തിയിരുന്ന നിരവധി വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ പേജുകളും അടച്ചുപൂട്ടണമെന്ന് യുഎഇ വാണിജ്യ മന്ത്രാലയം ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോരിറ്റിയോട് നിര്‍ദേശിച്ചിരുന്നു.

ലൈസന്‍സ് എടുക്കാതെ വ്യാപാരം നടത്തുന്ന വ്യക്തികളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് അടുത്തകാലത്തായി ഉണ്ടാകുന്നതെന്ന് യുഎഇയില്‍ നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പേയ്മെന്റ് ടെര്‍മിനലുകള്‍ ലഭിക്കാത്തതിനാല്‍ പലര്‍ക്കും ഓണ്‍ലൈനായി പണം സ്വീകരിക്കാന്‍ കഴിയാറില്ല. ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ സ്വീകരിച്ച് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ വലിയ പ്രശ്നമായി മാറും. വലിയ പിഴയും മറ്റ് ശിക്ഷകളും നേരിടേണ്ടിയും വരും. മറ്റ് ജോലികള്‍ ചെയ്യാതെ വീട്ടിലിരുന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വില്‍പന നടത്തുന്ന നിരവധി വീട്ടമ്മമാരുണ്ട്. ഒറ്റനോട്ടത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് വലിയ നിയമക്കുരുക്കിലേക്ക് വളരെ വേഗത്തില്‍ എത്തിക്കാമെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

click me!