സൗദിയിൽ പൊതുപരിപാടികളിൽ അന്‍പതിൽ കൂടുതല്‍ പേര്‍ ഒരുമിച്ചുകൂടിയാൽ ഇരട്ടി പിഴ

By Web TeamFirst Published Jan 16, 2021, 10:28 PM IST
Highlights

കഴിഞ്ഞ ദിവസം സൗദിയിലെ കൊവിഡ് കേസുകളിൽ നേരിയ വർധനയുണ്ടായിരുന്നു. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്​. 

റിയാദ്​: സൗദിയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അമ്പതിലധികം പേർ ഒത്തുചേരുന്ന എല്ലാ പരിപാടികൾക്കും ഇരട്ടി പിഴ ചുമത്തുമെന്ന്​ ആഭ്യന്തര മന്ത്രാലയം. പങ്കെടുക്കുന്ന വ്യക്തികൾക്ക് 5,000 റിയാലും സംഘാടകർക്ക് 40,000 റിയാലുമാകും പിഴ. ആവർത്തിച്ചാൽ ഈ തുക ഇരട്ടിക്കും. 12 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂർ അനുമതി എടുക്കണമെന്നും പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സൗദിയിലെ കൊവിഡ് കേസുകളിൽ നേരിയ വർധനയുണ്ടായിരുന്നു. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്​. സംസ്‌കാര ചടങ്ങുകള്‍, പാര്‍ട്ടികള്‍ തുടങ്ങി സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള ഒത്തുചേരലിൽ അമ്പതിലധികം ആളുകള്‍ പങ്കെടുക്കരുത്. നിയമം ലംഘിച്ചാൽ സംഘാടകർക്ക് 40,000 റിയാലായിരിക്കും പിഴ. ആവർത്തിച്ചാൽ പിഴ 80,000 ആകും. സംഗമത്തിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും 5,000 റിയാല്‍ പിഴ ഈടാക്കും. വീണ്ടും പിടികൂടിയാൽ ഇഖാമയിൽ പിഴ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പിഴ ഇരട്ടിയാകും. അതായത് 10,000 റിയാൽ. മൂന്നാമതും പിടിക്കപ്പെട്ടാൽ കോടതി കയറേണ്ടി വരും. 

നിയമ ലംഘനം ആവര്‍ത്തിക്കുന്നത് സ്വകാര്യ സ്ഥാപനമാണെങ്കില്‍ മൂന്ന് മാസത്തേയ്ക്ക് അടച്ചിടും. രണ്ടാമത് ലംഘിച്ചാല്‍ സ്ഥാപനം ആറു മാസത്തേയ്ക്ക് അടച്ചിടും. ഇതിനിടെ 12 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാർക്ക് നിയന്ത്രണമേർപ്പെടുത്തി. ലിബിയ, സിറിയ, ലെബനന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളില്‍ പോകാനാണ് സൗദികൾ മുൻകൂർ അനുമതിയെടുക്കേണ്ടത്.

click me!