കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി ടെർമിനലുകൾ പുനഃക്രമീകരിക്കുന്നു. യാത്രക്കാർ ടെർമിനൽ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കാൻ നിർദ്ദേശം.

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ടെർമിനൽ പുനർക്രമീകരണ നടപടികൾക്ക് ‘റിയാദ് എയർപോർട്ട്സ് കമ്പനി’ തുടക്കം കുറിച്ചു. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുക, ആഭ്യന്തര-അന്തർദേശീയ കണക്ഷൻ വിമാനങ്ങളുടെ നടപടികൾ ലളിതമാക്കുക, വിമാനത്താവളത്തിെൻറ പ്രവർത്തനക്ഷമത ഉയർത്തുക എന്നിവയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

1. ഒന്നാം ഘട്ടം (ഫെബ്രുവരി 16 മുതൽ): സൗദി എയർലൈൻസ്, റിയാദ് എയർ, ഫ്ലൈനാസ്, ഫ്ലൈഅദീൽ എന്നീ ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ പൂർണമായും ഒന്നും രണ്ടും ടെർമിനലുകളിൽ നിന്നാക്കി. ഇത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കും.

2. രണ്ടാം ഘട്ടം (ഫെബ്രുവരി 24 മുതൽ): ദേശീയ വിമാനക്കമ്പനികളുടെ ആഭ്യന്തര സർവീസുകൾ ടെർമിനൽ 4-ലേക്ക് മാറ്റും.

3. വിദേശ വിമാനക്കമ്പനികൾ (ഫെബ്രുവരി 25 മുതൽ): എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 5 സജ്ജീകരിക്കും. കൂടാതെ, കണക്ഷൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആഭ്യന്തര സർവീസുകൾ 3, 4 ടെർമിനലുകളിലായി ക്രമീകരിക്കും.

ഇതിന് പുറമെ മാറ്റങ്ങൾക്കിടയിൽ യാത്രക്കാർക്ക് പ്രയാസമുണ്ടാകാതിരിക്കാൻ വിപുലമായ സജ്ജീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ സഹായിക്കാനായി 650-ലധികം ഗൈഡുകളെ വിന്യസിച്ചു. ആദ്യത്തെ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് സൗകര്യം. ടെർമിനലുകൾക്കിടയിൽ യാത്ര ചെയ്യാൻ ടാക്സികളിലും റിയാദ് മെട്രോയിലും സൗജന്യ യാത്ര. ഓരോ നാല് മിനിറ്റിലും ലഭ്യമാകുന്ന ഷട്ടിൽ ബസ് സൗകര്യം. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സമയവും ടെർമിനലും അതത് വിമാനക്കമ്പനികൾ വഴിയോ അല്ലെങ്കിൽ വിമാനത്താവളത്തിെൻറ വാട്സ്ആപ്പ് സേവനം (920020090) മുഖേനയോ മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.