
റിയാദ്: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വിദേശ തീർത്ഥാടകരുടെ ഉംറ പുനരാംഭിച്ച ശേഷം വിദേശത്തു നിന്ന് എത്തിയ ആദ്യ ഉംറ സംഘത്തിന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ ഊഷ്‍മള സ്വീകരണം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗകാലത്തു വിദേശത്തു നിന്നുള്ള ഉംറ സംഘങ്ങളെ സൗദി വിലക്കിയിരുന്നു.
ഏഴ് മാസം കഴിഞ്ഞു കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഏതാനും രാജ്യങ്ങൾക്ക് ഒഴികെ വിലക്ക് നീക്കുകയും വിദേശികൾ ഉംറയ്‌ക്കായി വരാൻ തുടങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് രണ്ടാം തരംഗം ലോക വ്യാപകമായി വീശിയടിച്ചത്. അതോടെ വീണ്ടും വിലക്ക് വന്നു. അഞ്ചു മാസത്തിന് ശേഷം ഇപ്പോൾ വിലക്ക് നീക്കുകയും വിദേശികൾക്ക് ഉംറ വിസകൾ അനുവദിക്കുന്നത് കഴിഞ്ഞ ആഴ്ച്ച തുടങ്ങുകയും ചെയ്തു. അതിന് ശേഷമുള്ള ആദ്യ ഉംറ സംഘം ഇന്നലെ നൈജീരിയയിൽ നിന്നാണ് എത്തിയത്.
ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗങ്ങളും ജിദ്ദയിലെ നൈജീരിയൻ കോൺസലും ചേർന്ന് തീർത്ഥാടകരെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കിയാണ് തീർത്ഥാടകരെ സ്വീകരിച്ചതെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗം ഹാനി അൽഉമൈരി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടകർ ബസിൽ മദീനയിലേക്ക് തിരിച്ചു.
മദീനയിൽ ഏതാനും ദിവസം ചെലവഴിച്ചും മദീന സിയാറത്ത് പൂർത്തിയാക്കിയും ഇവർ ഉംറ നിർവഹിക്കാൻ മക്കയിലെത്തും. ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്കനുസൃതമായി തീർഥാടകർക്കുള്ള താമസ, യാത്രാ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഹാനി അൽഉമൈരി പറഞ്ഞു. എന്നാൽ ഇന്ത്യ ഉൾപ്പടെ എതാനും രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകരുടെ വിലക്ക് തുടരുകയാണ്. കൊവിഡ് വ്യാപനം കുറയാത്തതിനാൽ ഈ രാജ്യങ്ങളുമായുള്ള യാത്രാവിലക്ക് സൗദി നീക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam