
അബുദാബി: യുഎഇയിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബുദാബി സ്റ്റെം സെൽസ് സെന്ററില്‍ (എ.ഡി.എസ്.സി.സി) നടന്ന ശസ്ത്രക്രിയയുടെ വിജയപ്രഖ്യാപനത്തോടെ അബുദാബി ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിനും തുടക്കമായി. മൾട്ടിപ്പിൾ മൈലോമ എന്ന രക്താര്‍ബുദം ബാധിച്ച വ്യക്തിക്കാണ് മജ്ജ മാറ്റിവെച്ചത്.
അബുദാബി സ്റ്റെം സെൽസ് സെന്ററും ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയും സഹകരിച്ചാണ് ആദ്യത്തെ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇത്തരം ശസ്ത്രക്രിയകള്‍ക്കായി രാജ്യത്തിന് പുറത്ത് പോകേണ്ടി വന്നിരുന്ന അവസ്ഥയ്ക്ക് ഇതിലൂടെ മാറ്റം വരികയാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗിയിൽ നിന്ന് രക്ത മൂലകോശങ്ങള്‍ പുറത്തെടുത്ത് സൂക്ഷിച്ച ശേഷം കാൻസർ കോശങ്ങളെയും മജ്ജയുടെ വലിയൊരു ഭാഗത്തെയും നശിപ്പിക്കാന്‍ ശേഷിയുള്ള കീമോ തെറാപ്പി നല്‍കുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിച്ച ശേഷം നേരത്തെ പുറത്തെടുത്ത രക്ത മൂലകോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തന്നെ തിരികെ നിക്ഷേപിക്കും. ഇവയില്‍ നിന്ന് രോഗമില്ലാത്ത പുതിയ രക്തകോശങ്ങള്‍ രൂപം കൊള്ളും.
പുതിയ രക്തകോശങ്ങളുണ്ടാകുന്നതുവരെ രോഗിക്ക് രോഗപ്രതിരോധ ശക്തിയുണ്ടാവില്ല. ഇക്കാലയളവില്‍ കർശനമായ അണുബാധ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അദ്ദേഹത്തെ ഐസൊലേഷനിൽ പാര്‍പ്പിക്കണം. പകർച്ചവ്യാധി കൂടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന മുൻകരുതലുകൾ സ്വീകരിച്ചതായി അബുദാബി സ്റ്റെം സെൽസ് സെന്റര്‍ ജനറൽ മാനേജരും ബിഎംടി പ്രോഗ്രാം ഡയറക്ടറുമായ ഡോ. യെൻഡ്രി വെൻചുറ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ