കുവൈത്തില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ അഞ്ച് സര്‍വ്വീസുകള്‍; മലയാളികളടക്കം രജിസ്റ്റര്‍ ചെയ്തത് 44,000 പേര്‍

By Web TeamFirst Published May 9, 2020, 10:49 AM IST
Highlights

കുവൈത്തില്‍ നിന്നും ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.15 ന് കൊച്ചിയില്‍ എത്തും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും പ്രവാസികളുമായി കേരളത്തിലേക്കുള്ള ആദ്യവിമാനം ഇന്ന് പുറപ്പെടും. അടിയന്തര ചികിത്സ ലഭ്യമാകേണ്ടവര്‍, ഗര്‍ഭിണികള്‍, സന്ദര്‍ശന വിസയിലെത്തി കുടുങ്ങിയ വയോധികര്‍ എന്നിങ്ങനെയുള്ളവരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് കൊച്ചിയിലെത്തിക്കുന്നത്. കുവൈത്തില്‍ നിന്നും ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.15 ന് കൊച്ചിയില്‍ എത്തും.

 ഇന്നലെ ഹൈദരാബാദിലേക്ക് പുറപ്പടേണ്ടിയിരുന്ന വിമാനം ചില സാങ്കേതിക കാരണങ്ങളാല്‍ ഒരു ദിവസം വൈകിയത് ആശങ്കപടര്‍ത്തിയിരുന്നു. ഹൈദരബാദിലേക്കുള്ള വിമാനം 11.30 നാണ് പുറപ്പെടുക. ഒരാഴ്ചത്തെ ഷെഡ്യൂല്‍ പ്രകാരം അഞ്ച് വിമാനങ്ങളാണ് കുവൈത്തില്‍ നിന്നുള്ളത്. നാട്ടിലേക്ക് പോകാനായി എംബസിയില്‍ പതിനെണ്ണായിരം  മലയാളികള്‍ അടക്കം നാല്‍പ്പത്തിനാലായിരം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി സര്‍വ്വീസിനു പുറമെ കോഴിക്കോട്ടേക്ക് 13 നാണു കേരളത്തിലേക്കുള്ള അടുത്ത വിമാനം.

പ്രവാസികളുമായി മൂന്ന് വിമാനങ്ങളാണ് ഇന്ന് കൊച്ചിയിലെത്തുന്നത്.  കുവൈത്തിന് പുറമെ മസ്‍കറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് എത്തുന്നത്. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50 നാണ് എത്തുക. ഇന്നലെ സൗദിയില്‍ നിന്നും ബഹൈറനില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതം സംസ്ഥാനത്ത് എത്തി. 177 പേരുമായി ബഹ്റൈനിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി കൊച്ചിയിലാണ് എത്തിയത്. 11.25 നാണ് വിമാനം എത്തിയത്. ദ്രുത പരിശോധന നടത്താതെയാണ് ഈ യാത്രക്കാർ പുറപ്പെട്ടത് എന്നതിനാൽ വിശദമായ പരിശോധനയാണ് നെടുമ്പാശേരിയിൽ നടന്നത്.

click me!