
റിയാദ്: നവംബറിൽ സൗദി അറേബ്യൻ ആതിഥേയത്വത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ആദ്യ വനിതാസമ്മേളനം റിയാദിൽ സമാപിച്ചു. തലസ്ഥാന നഗരത്തിൽ മൂന്ന് ദിവസമായി നടന്ന സമ്മേളനം സ്ത്രീ ശാക്തീകരണവും ജി-20 ഉച്ചകോടിയും മുന്‍നിര്‍ത്തി വിളിച്ചു ചേർക്കപ്പെട്ടതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്തു.
സ്ത്രീ ശാക്തീകരണവും സ്ത്രീപക്ഷ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടി സംഘടിപ്പിക്കാൻ സമ്മേളനത്തില്‍ ധാരണയായി. സൗദിയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള വനിതാപ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. തൊഴില്‍ പങ്കാളിത്തത്തിലെ ലിംഗപരമായ വിവേചനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽ വെച്ച് സ്ത്രീപുരുഷ അനുപാതത്തിലെ വിടവ് 2025ഓടെ 25 ശതമാനം കുറക്കുന്നതിനുള്ള പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സൗദി അറേബ്യയുടെ 2018 മുതലുള്ള ജി- 20 ഉച്ചകോടികളിലെ പ്രതിനിധി ഫഹദ് അൽമുബാറക്കായിരുന്നു സമ്മേളനത്തിലെ മുഖ്യാതിഥി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന ശുപാർശകളും നയങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. നടക്കാനിരിക്കുന്ന ജി- 20 ഉച്ചകോടിയുടെ അജണ്ട നിർണയിക്കുന്നതില്‍ സ്ത്രീകൾക്കും മുഖ്യ പങ്ക് നൽകുമെന്ന് ഫഹദ് അല്‍ മുബാറക് വ്യക്തമാക്കി. സ്ത്രീകളെ സാങ്കേതിക, സാമ്പത്തിക സമിതികളിൽ ഉള്‍പ്പെടുത്തുന്നതിനും ജോലിയിലും നേതൃസ്ഥാനങ്ങളിലും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കുന്നതിനും സംരംഭകത്വ മേഖലയില്‍ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട നാല് പ്രമേയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
യോഗത്തിന്റെ തുടര്‍പരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാനും ധാരണയായി. ആദ്യ പരിപാടി ഫെബ്രുവരി മൂന്നിന് റിയാദിലെ അമീറ നൂറാ ബിന്‍ത് അബ്ദുറഹ്മാന് സർവകലാശാലയില്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam