റീമ അൽജുഫാലി സൗദിയിലെ ആദ്യ കാറോട്ടക്കാരി

By Web TeamFirst Published Dec 4, 2019, 12:41 AM IST
Highlights

സൗദി ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ ഏതാനും ദിവസം മുമ്പ് റിയാദിൽ സംഘടിപ്പിച്ച കാറോട്ടമത്സരത്തിൽ പങ്കെടുത്ത് റീമ ആദ്യമായി സ്വന്തം രാജ്യത്ത് ഔദ്യോഗികമായി വളയം പിടിച്ചു. 2018 ഒക്ടോബറിൽ രാജ്യത്ത് ഡ്രൈവിങ് നിരോധനം നീക്കിയ ശേഷമുണ്ടായ നേട്ടം. ഇന്റർനാഷനൽ റേസിങ് ലൈസൻസ് നേടുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മൂന്ന് വനിതകളിൽ ഒരാളാണ് റീമ.

റിയാദ്: സൗദി അറേബ്യയിലെ ആദ്യ കാറോട്ടക്കാരിയായി റീമ അൽജുഫാലി. സൗദി ഇൻറർനാഷനൽ ഓട്ടാമൊബൈൽ ഫെഡറേഷൻ ഏതാനും ദിവസം മുമ്പ് സംഘടിപ്പിച്ച കാറോട്ടമത്സരത്തിൽ പങ്കെടുത്ത് റീമ ആദ്യമായി സ്വന്തം രാജ്യത്ത് ഔദ്യോഗികമായി വളയം പിടിച്ചു. എന്നാൽ ഇതാദ്യമായല്ല ഈ 27കാരി കാറോട്ട ട്രാക്കിലിറങ്ങുന്നത്. 

ഈ  വർഷം ഏപ്രിലിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് കിങ്സ്ഡൗണിലുള്ള ബ്രാൻഡ്സ് ഹാച്ച് മോേട്ടാർ റേസിങ് സർക്യൂട്ടിൽ നടന്ന ഫോർമുല ഫോർ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതാണ് റീമയുടെ അന്താരാഷ്ട്ര ട്രാക്കിലെ അരങ്ങേറ്റം. എന്നാൽ സ്വന്തം രാജ്യത്ത് ഔദ്യോഗികമായ ഒരു പ്രത്യക്ഷപ്പെടൽ ഇതാദ്യമായിരുന്നു. ഒരു വലിയ സ്വപ്നമാണ് യാഥാർത്ഥ്യത്തിന്റെ ട്രാക്കിൽ വേഗങ്ങളെ കീഴടക്കിയതെന്ന് റീമ പറയുന്നു. ചിരകാല അഭിലാഷമായിരുന്നു മിന്നൽ വേഗത്തിൽ കാറോടിച്ച് ചാമ്പ്യനാവാൻ. 

സൗദി അറേബ്യയിൽ നിലനിന്നിരുന്ന സ്ത്രീകളുടെ ഡ്രൈവിങ് നിരോധനമാണ് തടസ്സമായിരുന്നത്. 2018 ഒക്ടോബറിൽ നിരോധനം നീക്കിയതോടെ സാധ്യത തെളിഞ്ഞു. അതോടെ മത്സര ട്രാക്കുകളിൽ വളയം പിടിക്കാനിറങ്ങി.ഈ വർഷം ഒക്ടോബറിൽ ആദ്യമായി ഒരു മത്സരത്തിൽ നിന്ന് വിജയം കൊയ്തു. അത് അബൂദാബിൽ വെച്ചായിരുന്നു. യാസ് മറീന സർക്യൂട്ടിൽ നടന്ന ടി.ആർ.ഡി 86 കപ്പ് മത്സരത്തിൽ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് കാറോടിച്ചു കയറ്റി റീമ. 

ആദ്യമായിട്ടായിരുന്നു ഒരു സൗദി വനിതാ ഡ്രൈവർ യു.എ.ഇയിൽ ഇത്തരമൊരു മത്സരത്തിൽ പങ്കെടുക്കുന്നതും പോയിൻറുകൾ വാരി കൂട്ടുന്നതും. ജിദ്ദയാണ് റീമയുടെ സ്വദേശം. ഫോർമുല വൺ കാർ റേസിങ് എന്ന ഒരു അഭിനിവേശത്തോടൊപ്പമാണ് വളർന്നത്. ഇൻറർനാഷനൽ റേസിങ് ലൈസൻസ് നേടുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മൂന്ന് വനിതകളിൽ ഒരാൾ കൂടിയാണ് റീമ. 
 

click me!