
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കുമെന്ന് അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ റിയാദിൽ നിന്ന് ദില്ലിയിലേക്കും ദമാമിൽ നിന്ന് കൊച്ചിയിലേക്കും ജിദ്ദയിൽ നിന്ന് ഡൽഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ പറക്കും. ഓരോ വിമാനത്തിലും 250 യാത്രക്കാരെ ഉൾക്കൊള്ളാനാവും. ആദ്യ ആഴ്ചയിൽ 1000ത്തോളം ആളുകളെ കൊണ്ടുപോകാൻ കഴിയും എന്നാണ് കരുതുന്നത്.
എംബസിയിൽ ഇതുവരെ 60,000 ആളുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ പോലുള്ളവർക്കാണ് ആദ്യ പരിഗണന നൽകുന്നത്. അതനുസരിച്ച് തയാറാക്കിയ യാത്രക്കാരുടെ പട്ടിക എയർ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.
പട്ടികയിലുൾപ്പെട്ടവർ നേരിട്ട് എയർ ഇന്ത്യയെ ബന്ധപ്പെട്ട് പണം നൽകി ടിക്കറ്റ് വാങ്ങണം. യാത്രക്ക് മുമ്പ് സൗദി ആരോഗ്യമന്ത്രാലയം നിശ്ചയിച്ച രീതിയിലുള്ള ആരോഗ്യപരിശോധനകൾക്ക് വിധേയമാകണം. നൂറുകണക്കിന് ഗർഭിണികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീറ്റുകളുടെ പരിമിതി കണക്കിലെടുത്ത് ഗർഭിണികളോടൊപ്പം പോകാൻ നിലവിൽ ആളുകളെ അനുവദിക്കാനാവില്ല.
ആദ്യ ഘട്ടത്തിൽ കേരളത്തിലേക്കും ദില്ലിയിലേക്കും മാത്രമാണ് വിമാനങ്ങളെങ്കിൽ വരുന്ന ആഴ്ചകളിൽ ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യും. സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അംബാസഡർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ